Connect with us

Kasargod

ദുരിതാശ്വാസ നിധിയുമായി പുല്ലൂര്‍-പെരിയ പഞ്ചായത്ത്

Published

|

Last Updated

കാസര്‍കോട്: പ്രകൃതിക്ഷോഭങ്ങള്‍, അത്യാഹിതങ്ങള്‍, മാറാരോഗങ്ങള്‍ എന്നിവ മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പുല്ലൂര്‍-പെരിയ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസനിധി സമാഹരിക്കുന്നു. പഞ്ചായത്ത് ഭരണസമിതിയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും സ്വമേധയാ നല്‍കുന്ന സംഭാവനകള്‍ സ്വീകരിച്ചുകൊണ്ടാണ് ദുരിതാശ്വാസനിധി സമാഹരണം. പദ്ധതിയുടെ ആദ്യ ദിവസം ഒരു ലക്ഷം രൂപയാണ് ദുരിതാശ്വാസനിധിയില്‍ ശേഖരിച്ചത്.
പെരിയ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ അവരുടെ ചെറു സമ്പാദ്യത്തിന്റെ വിഹിതം നിധിയിലേക്ക് നിക്ഷേപിച്ചുകൊണ്ടാണ് സമാഹരണത്തിന് തുടക്കമിട്ടത്. പെരിയ സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് പി ഗംഗാധരന്‍ നായര്‍ 25000 രൂപയുടെ ചെക്ക് ചടങ്ങില്‍ പഞ്ചായത്തിന് കൈമാറി. ചാലിങ്കാല്‍ വനിതാ സര്‍വീസ് സഹകരണ സംഘം, ചാലിങ്കാല്‍ അയ്യപ്പഭജനമന്ദിരം, പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്., നിരവധി വ്യക്തികളും തങ്ങളുടെ സംഭാവനകള്‍ പഞ്ചായത്തിന് കൈമാറി.
പഞ്ചായത്ത് പരിധിയില്‍ മാറാരോഗങ്ങളാലും പ്രകൃതിക്ഷോഭങ്ങള്‍ മൂലവും ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട് സഹായം സ്വീകരിക്കാവുന്നതാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.
ആദ്യദിവസം തന്നെ ഒരു ലക്ഷം രൂപ സമാഹരിക്കാന്‍ കഴിഞ്ഞത് ഈ പദ്ധതിയുടെ വലിയ നേട്ടമാണെന്നും വിദേശമലയാളികള്‍, സന്നദ്ധസംഘടനകള്‍ എന്നിവരുടെ സഹകരണവും പദ്ധതിയുടെ വിജയത്തിനായി ഉറപ്പു വരുത്തുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അരവിന്ദാക്ഷന്‍ പറഞ്ഞു.