Connect with us

Kasargod

കള്ളനോട്ട് സംഘം വീണ്ടും പിടിമുറുക്കി

Published

|

Last Updated

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് കള്ളനോട്ട് സംഘത്തിന്റെ പ്രവര്‍ത്തനം വീണ്ടും സജീവമായി. നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള ബാങ്കുകളിലും വ്യാപാരസ്ഥാപനങ്ങളിലും യഥാര്‍ഥ നോട്ടുകള്‍ക്കുപുറമെ ഇടപാടുകാര്‍ മുഖേന കള്ളനോട്ടുകളും ലഭിക്കുന്നത് പതിവായിരിക്കയാണ്.
അതേസമയം ഇക്കാര്യം പുറത്തുവിടുന്നത് നിയമപരമായ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നതിനാല്‍ പലരും കള്ളനോട്ടുകള്‍ രഹസ്യമായി കത്തിച്ചുകളയുകയാണ് ചെയ്യുന്നത്. മുമ്പ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകളാണ് കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും വ്യാപകമായിരുന്നതെങ്കില്‍ ഇപ്പോള്‍ നൂറിന്റെ കള്ളനോട്ടുകളാണ് ഇറക്കിയിരിക്കുന്നത്.
കള്ളനോട്ടുകളാണെന്ന് അറിയാതെ മിക്കവരും 100 ന്റെ വ്യാജ നോട്ടുകള്‍ അവര്‍ അറിയാതെ തന്നെ വിനിമയം ചെയ്യപ്പെടുന്നുണ്ട്. ചെറിയ തുകയായതിനാല്‍ സൂക്ഷ്മ പരിശോധന നടത്താന്‍ താത്പര്യപ്പെടുന്നില്ല. 100 രൂപയുടെ കള്ളനോട്ടുകള്‍ വ്യാപകമായതോടെ ഈ വിവരം പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കള്ളനോട്ടുകളുടെ ഉറവിടം കണ്ടെത്താന്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് അന്വേഷണമാരംഭിച്ചിരിക്കുകയാണ്.
മാസങ്ങള്‍ക്കു മുമ്പ് 1000ന്റെയും 500 ന്റെയും കള്ളനോട്ടുകള്‍ കാഞ്ഞങ്ങാട് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ വിതരണത്തിനു കൊണ്ടുവന്ന സംഘം പോലീസ് പിടിയിലായിരുന്നു. കാഞ്ഞങ്ങാട്ടെ ഒരു ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെത്തിയ ആള്‍ നല്‍കിയ തുകയില്‍ കള്ളനോട്ടുകള്‍ കണ്ടെത്തിയതോടെ ഇതിന്റെ ഉറവിടം തേടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് ഇടനിലക്കാര്‍ പോലീസ് പിടിയിലായത്.
ഈ സംഘത്തില്‍ പെട്ട ഒരാളുടെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയിരുന്നു. കള്ളനോട്ട് കേസില്‍ ഒളിവില്‍ പോവുകയും മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ എന്‍ ഐ എയുടെ പിടിയിലാവുകയും ചെയ്ത തളങ്കര കോളിയാട്ടെ മജീദിനാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. ചന്തേര പോലീസ് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലും ഹൊസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും പ്രതിയാണ് മജീദ്.

 

Latest