പത്ര ഏജന്റിന്റെ പണം കവര്‍ന്ന സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍

Posted on: November 7, 2013 8:00 am | Last updated: November 7, 2013 at 8:15 am

തിരൂരങ്ങാടി: പത്ര ഏജന്റിന്റെ പണവും രേഖകളും കവര്‍ന്ന സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍. താനൂര്‍ പനങ്ങാട്ടൂര്‍ പനങ്ങോടത്ത് മുഹമ്മദലി എന്ന ആക്കു(24), പാലക്കാട് കൂര്‍ക്കപ്പറമ്പ് നടുവട്ടം കരിമ്പിയാര്‍തൊടി ഫൈസല്‍ (32)എന്നിവരാണ് പിടിയിലായത്. വെന്നിയൂരിലെ പത്ര ഏജന്റും എസ് എം എ തിരൂരങ്ങാടി മേഖലാ സെക്രട്ടറിയുമായ വെന്നിയൂര്‍ വാളക്കുളം നരിമടക്കല്‍ എന്‍ എം അബ്ദുല്ല മുസ്‌ലിയാരുടെ 118000 രൂപയും ആധാര്‍കാര്‍ഡും മദ്രസാരേഖകളും കവര്‍ന്ന സംഭവത്തിലാണ് അറസ്റ്റ്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: അബ്ദുല്ലമുസ്‌ലിയാര്‍ കഴിഞ്ഞമാസം 31ന് പുലര്‍ച്ചെ 4.10ന് വീട്ടില്‍ നിന്നും വെന്നിയൂരിലേക്ക് പോകുന്നതിനിടെ വെന്നിയൂര്‍ ജുമുഅത്ത് പള്ളിക്കടുത്തുള്ള ഹോട്ടലിന് സമീപം എത്തിയപ്പോള്‍ നമ്പറില്ലാത്ത വെള്ള നിറത്തിലുള്ള ആള്‍ട്ടോ കാറിലെത്തിയ സംഘം ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന പ്ലാസ്റ്റിക് കവര്‍ തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു.
പത്രം ഓഫീസില്‍ അടക്കാനുള്ളതും മദ്രസാനവീകരണ പദ്ധതിപ്രകാരം മൂന്ന് മദ്രസകളിലേക്ക് വാങ്ങിയ കമ്പ്യൂട്ടറിന്റെ കാശും രേഖകളുമാണ് കവറിലുണ്ടായിരുന്നത്. അബ്ദുല്ല മുസ്‌ലിയാര്‍ നല്‍കിയ പരാതിപ്രകാരം തിരൂരങ്ങാടി സി ഐ. ബി അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ഇവര്‍ ഉപയോഗിച്ച നമ്പറില്ലാത്ത കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തലപ്പാറയില്‍ സംശയാസ്പദമായ നിലയില്‍ കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് പോലീസ് ഇവരെ പിടികൂടുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ മൂന്നിന് കക്കാട്ടെ പെട്രോള്‍ പമ്പില്‍നിന്ന് രണ്ടായിരം രൂപയുടെ ഡീസല്‍ അടിച്ച് പണംനല്‍കാതെ ഇവര്‍ കടന്നു കളഞ്ഞതായും തെളിഞ്ഞിട്ടുണ്ട്. കൂടാതെ മുഹമ്മദലി നാലുവര്‍ഷം മുമ്പ് തിരൂരില്‍നിന്ന് ബൈക്ക് മോഷ്ടിച്ചകേസില്‍ പ്രതിയാണ്. കോടതിയില്‍ ഹാജറാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. എസ്‌ഐ. എ സുനില്‍, അഡീഷണല്‍ എസ് ഐ. കെ വി മണി, എ എസ് ഐ കുമാരന്‍കുട്ടി, സിപിഒ മാരായ പരമേശ്വരന്‍, ഉദയകുമാരന്‍, പ്രവീണ്‍, സത്യന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.