Connect with us

Wayanad

പശ്ചിമഘട്ട വിദഗ്ധ സമിതിയിലെ ചിലര്‍ക്ക് അന്തര്‍ ദേശീയ എന്‍ ജി ഒകളുമായി സാമ്പത്തികബന്ധമെന്ന്‌

Published

|

Last Updated

കല്‍പറ്റ: പ്രൊഫ.മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായുള്ള പശ്ചിമഘട്ട വിദഗ്ധ സമിതിയിലെ ചിലര്‍ക്ക് അന്തര്‍ദേശീയ എന്‍.ജി.ഒകളുമായി സാമ്പത്തികബന്ധം ഉണ്ടെന്ന് കര്‍ഷക സംഘടനാ ഐക്യവേദി ചെയര്‍മാന്‍ ജോസ് ചെമ്പേരി കല്‍പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇവരടക്കം രാജ്യത്തെ പ്രമുഖ പരിസ്ഥിതിവാദികള്‍ക്ക് അന്തര്‍ദേശീയ എന്‍.ജി.ഒകളുമായുള്ള സാമ്പത്തികബന്ധം സി.ബി.ഐ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പശ്ചിമഘട്ടത്തില്‍ പരിസ്ഥിതിയെ ദുര്‍ബലപ്പെടുത്തുന്നത് അനിയന്ത്രിതമായ കരിങ്കല്‍ ഖനനമാണ്. അനധികൃത ക്വാറികള്‍ അടച്ചുപൂട്ടിയും അംഗീകാരമുള്ളവയുടെ പ്രവര്‍ത്തനം നിയന്ത്രിച്ചും പരിസ്ഥിതിയെ സംരക്ഷിക്കാനാകും. ഇതിനു നിലവിലെ നിയമങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള ഇച്ഛാശക്തി സര്‍ക്കാരിനും തദ്ദേശസ്ഥാപനങ്ങള്‍ക്കും ഉണ്ടായാല്‍ മതിയാകും.
പരിസ്ഥിതിയെ സംരക്ഷിക്കുന്നത് പട്ടണവാസികളായ പരിസ്ഥിതിവാദികളല്ല. മലയോരങ്ങളിലും ഇടനാട്ടിലും കര്‍ഷകര്‍ നട്ടുവളര്‍ത്തിയ വൃക്ഷങ്ങളാണ് ഒരളവോളം പരിസ്ഥിതിയെയും കാലാവസ്ഥയെയും സംരക്ഷിക്കുന്നത്.
ഉത്പാദനവും വികസനവും മുരടിപ്പിച്ച് അവശ്യവസ്തുക്കളുടെ ഇറക്കുമതിയിലേക്ക് രാജ്യത്തെ നയിക്കുന്നതാണ് മുഖ്യപരിസ്ഥിതിവാദികളുടെ സമീപനം. കൃഷിയെ ബാധിക്കുന്ന ഒരു റിപ്പോര്‍ട്ടും, അത് ഗാഡ്ഗിലിന്റേതായാലും കസ്തൂരിരംഗന്റേതായാലും കര്‍ഷകജനത അംഗീകരിക്കില്ല.
വിദ്യാഭ്യാസവായ്പയുടെ പലിശയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത് കഴിച്ചുള്ളത് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുകയും മുതല്‍ അടയ്ക്കാന്‍ സാവകാശം അനുവദിക്കുകയും ചെയ്യണം. 2004 മുതല്‍ 2009 വരെയുള്ള വിദ്യാഭ്യാസ വായ്പയില്‍ പഠനകാലയളവിലെ പലിശയാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇത് വലിയ ആശ്വാസമാണെങ്കിലും പ്രശ്‌നം പരിഹൃതമാകുന്നില്ല. വായ്പ കുടിശിക രണ്ടും മൂന്നും ഇരട്ടിയായി.
പലര്‍ക്കും തൊഴില്‍ ഇല്ല. ജോലി ഉള്ളവര്‍ക്കാകട്ടെ മെച്ചപ്പെട്ട വേതനം ഇല്ല. 2012 ഡിസംബറില്‍ കേന്ദ്ര ധനമന്ത്രി വെളിപ്പെടുത്തിയതനുസരിച്ച് രാജ്യത്ത് 24 ലക്ഷം പേര്‍ക്കായി 52000 കോടി രൂപയാണ് വിദ്യാഭ്യാസ വായ്പയായി അനുവദിച്ചത്. കേരളത്തില്‍ ബാങ്കിങ് കമ്മിറ്റിയുടെ കണക്കനുസരിച്ച് 368307 പേര്‍ക്കായി 7269 കോടി രൂപയാണ് വിദ്യാഭ്യാസ വായ്പ നല്‍കിയിട്ടുണ്ട്. ഇതില്‍ 603 കോടി രൂപ കിട്ടാക്കടത്തിന്റെ പട്ടികയിലാണ്.
എന്നിരിക്കെ പലിശ പൂര്‍ണമായും ഒഴിവാക്കുന്നതിലും മുതല്‍ തിരിച്ചടവിന് സാവകാശം അനുവദിക്കുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമാണ്-ജോസ് ചെമ്പേരി പറഞ്ഞു. ജനറല്‍ സെക്രട്ടറി എന്‍.പി.ജോയി, എം.എം.ജോസഫ് എന്നിവരും പങ്കെടുത്തു.

---- facebook comment plugin here -----

Latest