Connect with us

Business

കയര്‍ ബോര്‍ഡ് രാജ്യവ്യാപകമായി 1000 വില്‍പ്പന കേന്ദ്രങ്ങള്‍ സ്ഥാപിക്കും

Published

|

Last Updated

തിരുവനന്തപുരം: കയറിന്റെ ആഭ്യന്തര വിപണി വിപുലീകരിക്കുന്നത് ലക്ഷ്യമിട്ട് രാജ്യവ്യാപകമായി 1000 വില്‍പനകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് കയര്‍ബോര്‍ഡ് ചെയര്‍മാന്‍ പ്രൊഫ. ജി ബാലചന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കയറുത്പന്നങ്ങളുടെ പ്രചാരണം ലക്ഷ്യമിട്ട് എറണാകുളത്ത് മ്യൂസിയം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കയര്‍ കയറ്റുമതി വര്‍ഷം തോറും വര്‍ധിക്കുന്നുണ്ട്. പക്ഷേ കേരളത്തിന്റെ പങ്ക് ക്രമാനുഗതമായി കുറഞ്ഞു വരികയാണ്. കേരളത്തിന്റെ തനത് ഉത്പന്നങ്ങളായ കൈത്തറി തടുക്ക്, കൈത്തറി പായ, ഭൂവസ്ത്രം തുടങ്ങിയവ കയറ്റുമതിയുടെ 24 ശതമാനം മാത്രമേയുള്ളൂ. വൈവിധ്യവത്കരണത്തിലൂടെ കേരളത്തിന്റെ കയര്‍ കയറ്റുമതി നിലനിര്‍ത്താന്‍ കയര്‍ബോര്‍ഡ് വിവിധ തരം ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
കയര്‍തടി, ചകിരിച്ചോറില്‍ നിന്ന് ജൈവവളം, കയര്‍ഭൂവസ്ത്രം തുടങ്ങിയവ ഇത്തരത്തില്‍ പ്രധാനപ്പെട്ടതാണ്. കയര്‍ബോര്‍ഡിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇതിന്റെ ഭാഗമായി 14 മുതല്‍ 30 വരെ പ്രദര്‍ശനവും 25 ന് അന്താരാഷ്ര്ട കയര്‍ വ്യാപാരമേളയും സംഘടിപ്പിക്കും. മേളയിലൂടെ 250 കോടി രൂപയുടെ വിദേശവ്യാപാരമാണ് ലക്ഷ്യമിടുന്നത്. 25 മുതല്‍ 27 വരെ ചേതനാലയ കണ്‍വന്‍ഷന്‍ സെന്ററില്‍ ദേശീയ സെമിനാറുകള്‍ നടക്കും. സ്ത്രീ ശാക്തീകരണം കയര്‍ വ്യവസായത്തിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി 28ന് ശില്‍പശാലയും നടത്തും. ആഭ്യന്തര വിപണി വികസിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് മേഖലാ വിതരണക്കാരെ ഇതിനകം നിയമിച്ചു കഴിഞ്ഞു.
ആദ്യ വര്‍ഷം 100 കോടി രൂപയുടെ അധിക വില്‍പനയാണ് പുതിയ വിപണന തന്ത്രത്തിലൂടെ കയര്‍ബോര്‍ഡ് ലക്ഷ്യമിടുന്നത്. ചെറുകിട ഉത്പാദകര്‍ക്കും കയറ്റുമതിക്കാരെയും സഹായിക്കുന്നതിനായി 15 ലക്ഷം രൂപ ചെലവില്‍ സ്ഥാപിക്കാവുന്ന ഒരു മിനി ടഫ്റ്റിംഗ് പ്ലാന്‍ഡ് കയര്‍ബോര്‍ഡ് സി സി ആര്‍ ഐയില്‍ സ്ഥാപിച്ച് പ്രവര്‍ത്തനം പ്രദര്‍ശിപ്പിക്കുകയും പഠിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യും. കയര്‍ബോര്‍ഡ് ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തൊണ്ടു സംഭരിക്കുന്നതിനുള്ള ക്രിയാത്മക പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest