Connect with us

National

പട്ടേലിനെ പൂര്‍ണ വര്‍ഗീയവാദിയെന്ന് നെഹ്‌റു വിളിച്ചു: അഡ്വാനി

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ ഉപപ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരില്‍ മറ്റൊരു വിവാദവുമായി ബി ജെ പി നേതാവ് എല്‍ കെ അഡ്വാനി. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, പട്ടേലിനെ “പൂര്‍ണ വര്‍ഗീയവാദി”യെന്ന് വിളിച്ചുവെച്ചാണ് ഒരു പുസ്തകത്തില്‍ നിന്ന് ഉദ്ധരിച്ച് അഡ്വാനി ബ്ലോഗില്‍ എഴുതിയത്.
സ്വാതന്ത്ര്യത്തിന് ശേഷം നൈസാമിന്റെ ഭരണത്തിന്‍ കീഴിലായിരുന്ന ഹൈദരാബാദിനെ ഇന്ത്യന്‍ യൂനിയനില്‍ ലയിപ്പിക്കാന്‍ സൈനിക നടപടി വേണമെന്ന് സര്‍ദാര്‍ പട്ടേല്‍ നിലപാടെടുത്തപ്പോഴാണ് പൂര്‍ണ വര്‍ഗീയവാദിയെന്ന് നെഹ്‌റു വിളിച്ചത്. മലയാളിയായ എം കെ കെ നായര്‍ എഴുതിയ “ദി സ്റ്റോറി ഓഫ് ആന്‍ ഇറ ടോള്‍ഡ് വിതൗട്ട് തേഡ് വില്‍” എന്ന പുസ്തകത്തിലാണ് ഇക്കാര്യമുള്ളതെന്നും അഡ്വാനി എഴുതി.
ഹൈദരാബാദിനെതിരെ സൈനിക നടപടി വേണമെന്ന തീരുമാനമുണ്ടായ മന്ത്രിസഭാ യോഗത്തിന് മുമ്പ് നെഹ്‌റുവും പട്ടേലും രൂക്ഷമായി തര്‍ക്കിച്ചു. പാക്കിസ്ഥാനില്‍ ലയിക്കാനായിരുന്നു നൈസാമിന്റെ ലക്ഷ്യം. അതിനായി വന്‍ തുക പാക്കിസ്ഥാന് നല്‍കിയിരുന്നു. നാട്ടുകാര്‍ക്കെതിരെ നൈസാമിന്റെ സൈന്യം ആക്രമണം നടത്തുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് വിശദീകരിച്ചാണ് സൈന്യത്തെ അയക്കണമെന്ന് പട്ടേല്‍ അഭിപ്രായപ്പെട്ടത്. സ്വതവേ ശാന്തമായി വിദേശ ഉപചാരത്തോടെ സംസാരിക്കുന്ന നെഹ്‌റു ഇതുകേട്ട് പൊട്ടിത്തെറിച്ച് ഇങ്ങനെ പറഞ്ഞു. “താങ്കള്‍ ഒരു പൂര്‍ണ വര്‍ഗീയവാദിയാണ്. ഞാനൊരിക്കലും താങ്കളുടെ ശിപാര്‍ശ അംഗീകരിക്കില്ല.” ഇതുകേട്ട് അക്ഷോഭ്യനായ പട്ടേല്‍ തന്റെ ഫയലുകളുമായി മുറിവിട്ടു. അഡ്വാനി ബ്ലോഗില്‍ കുറിച്ചു. എന്നാല്‍, ഗവര്‍ണര്‍ ജനറല്‍ രാജാജിയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് നെഹ്‌റുവിന് സൈന്യത്തെ അയക്കേണ്ടി വന്നു.
ഹിന്ദുത്വത്തിന്റെ അടുത്ത നേതാവായി പട്ടേലിനെ പ്രതിഷ്ഠിക്കാനുള്ള ബി ജെ പിയുടെ ശ്രമത്തിന്റെ ഭാഗമാണ് അഡ്വാനിയുടെ ഈ ബ്ലോഗും. ഗുജറാത്തില്‍ 182 മീറ്റര്‍ ഉയരത്തില്‍ പട്ടേലിന്റെ പ്രതിമ നിര്‍മിക്കുന്നതിനെ അഡ്വാനി പ്രശംസിച്ചിരുന്നു. പട്ടേലിന്റെ മതേതരത്വമാണ് വേണ്ടതെന്നും പട്ടേലാണ് പ്രഥമ പ്രധാനമന്ത്രിയാകേണ്ടിയിരുന്നതെന്നും മോഡി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇത് കോണ്‍ഗ്രസിനും ബി ജെ പിക്കുമിടയില്‍ വാഗ്വാദത്തിന് ഇടയാക്കിയിരുന്നു.

Latest