Connect with us

International

ജനീവ ചര്‍ച്ച: ലോക രാഷ്ട്രങ്ങളുമായി ഇബ്‌റാഹീമി ചര്‍ച്ച നടത്തി

Published

|

Last Updated

ജനീവ: സിറിയന്‍ പ്രശ്‌നം പരിഹരിക്കുന്നതിനായി സമാധാന ചര്‍ച്ച ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് യു എന്‍ – അറബ് ലീഗ് പ്രത്യേക പ്രതിനിധി ലഖ്ദര്‍ ഇബ്‌റാഹീമി റഷ്യയുടെയും അമേരിക്കയുടെയും പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ഈ മാസം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന രണ്ടാം ജനീവ ഉച്ചകോടി അനിശ്ചിത കാലത്തേക്ക് നീണ്ടുപോകുന്നതിനിടെയാണ് ഇബ്‌റാഹീമി, റഷ്യന്‍ വിദേശകാര്യ സഹ മന്ത്രി മിഖാഈല്‍ ബൊഗ്ദനോവുമായും യു എസ് വിദേശകാര്യ പ്രതിനിധികളായ വെന്‍ഡി ഷെര്‍മന്‍, റോബര്‍ട്ട് ഫോഡ് എന്നിവരുമായും അടിയന്തര ചര്‍ച്ച നടത്തിയത്.
ജനീവയിലെ യു എന്‍ ആസ്ഥാനത്ത് നടന്ന ചര്‍ച്ചയില്‍ സിറിയയിലെ രാഷ്ട്രീയ പരിവര്‍ത്തനം അനിവാര്യമാണെന്നും അന്താരാഷ്ട്ര ചര്‍ച്ചക്ക് ശേഷമല്ലാതെ സിറിയന്‍ സര്‍ക്കാര്‍ ഭരണം കൈമാറാന്‍ തയ്യാറാകില്ലെന്നും ഇബ്‌റാഹീമി ചൂണ്ടിക്കാട്ടി.
അതിനിടെ, സിറിയന്‍ സര്‍ക്കാറിനെയും പ്രതിപക്ഷ, വിമത സഖ്യങ്ങളെയും ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാന്‍ ഇറാനടക്കമുള്ള അയല്‍ രാജ്യങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും ചര്‍ച്ചയില്‍ റഷ്യന്‍ പ്രതിനിധി ആവശ്യപ്പെട്ടു. റഷ്യ, യു എസ് പ്രതിനിധികളുമായി നടന്ന ചര്‍ച്ചക്കു ശേഷം രണ്ടാം ജനീവ ചര്‍ച്ചയെ കുറിച്ചും സിറിയയിലെ രാഷ്ട്രീയ സാമൂഹിക അവസ്ഥയെ കുറിച്ചും ഇബ്‌റാഹീമി യു എന്നില്‍ സ്ഥിരാംഗങ്ങളായ ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളുമായും തുര്‍ക്കി, ലബനാന്‍, ജോര്‍ദാന്‍, ഇറാഖ് എന്നീ സിറിയന്‍ അയല്‍രാജ്യങ്ങളുടെ പ്രതിനിധികളുമായും ചര്‍ച്ച നടത്തി. പിന്നീട് അറബ് ലീഗ് നേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയുടെയും റഷ്യയുടെയും മധ്യസ്ഥതയില്‍ നടക്കുന്ന സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് സിറിയന്‍ സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും ചില സിറിയന്‍ വിമത സംഘടനകളും പ്രതിപക്ഷ സംഘടനകളും ചര്‍ച്ചയോട് മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. ഇതോടെയാണ് ചര്‍ച്ച അനിശ്ചിത കാലത്തേക്ക് നീണ്ടുപോയത്.