Connect with us

Kasargod

കൂടിക്കാഴ്ച ഇന്നുമുതല്‍; കേന്ദ്രസര്‍വകലാശാലയില്‍ വീണ്ടും പിന്‍വാതില്‍ നിയമന നീക്കം

Published

|

Last Updated

പെരിയ: സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും നിയമനങ്ങള്‍ വാരിക്കോരി നല്‍കി കുപ്രസിദ്ധി നേടിയ കേന്ദ്രസര്‍വകലാശാലയില്‍ വീണ്ടും പിന്‍വാതില്‍ നിയമന നീക്കം. ഇഷ്ടമുള്ളവരെ തിരികെ കയറ്റാന്‍ ഇന്നു മുതല്‍ മൂന്ന് ദിവസം ഉദ്യോഗാര്‍ഥികളെ കൂടിക്കാഴ്ചക്ക് വിളിച്ചു.

കാസര്‍കോട്ടെ ആസ്ഥാനത്താണ് യാതൊരു മാനദണ്ഡവുമില്ലാതെ കൂടിക്കാഴ്ച നടക്കുക. കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വകുപ്പുകളിലേക്കുള്ള ഉദ്യോഗാര്‍ത്ഥികളെയാണ് ഇന്നു മുതലുള്ള കൂടിക്കാഴ്ചയിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ഒട്ടേറെ പേര്‍ക്ക് കാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഉദ്യോഗം നല്‍കേണ്ടവരുടെ പട്ടിക നേരത്തെ തന്നെ തീരുമാനിച്ച് കഴിഞ്ഞുവെന്നാണ് സര്‍വകലാശാലയില്‍നിന്ന് ലഭിക്കുന്ന വിവരം. കോടതിവിധി കാത്ത് കഴിയുന്ന ഒരു അസി. പ്രൊഫസറെ വീണ്ടും കൂടിക്കാഴ്ചക്ക് ക്ഷണിച്ചിട്ടുണ്ട്.
ഫിസിക്‌സ് വിഭാഗത്തില്‍ ഒരു അസി. ലക്ചററെ ഉദ്യോഗക്കയറ്റം നല്‍കി സ്ഥിരപ്പെടുത്താനാണ് നീക്കം. എംപവര്‍മെന്റ് സയന്‍സില്‍ ഇപ്പോള്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്യുന്നയാളെ സ്ഥിരപ്പെടുത്താനും നീക്കമുണ്ട്. കേരളത്തില്‍ ഏറെ വിവാദനായകനായ ഒരു വൈസ് ചാന്‍സിലറുടെ കീഴില്‍ ഗവേഷണം നടത്തിയ ഒരു വിദ്യാര്‍ഥിനിയെ പ്ലാന്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിയമിക്കാനുള്ള നീക്കവുമുണ്ട്.
സര്‍വകലാശാലയുടെ നിയമനങ്ങള്‍ മുഴുവന്‍ വൈസ് ചാന്‍സിലര്‍ ജാന്‍സി ജെയിംസിന്റെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സംവരണം ചെയ്തതായി നിരവധി പരാതികളാണ് ഇതിനോടകം ഉയര്‍ന്നുവന്നത്. നിയമനങ്ങളിലെ ക്രമക്കേടുകള്‍ക്കെതിരെ സര്‍വകലാശാലയെ പ്രതിക്കൂട്ടിലാക്കി 11 കേസുകള്‍ ഇപ്പോള്‍ തന്നെ കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. മറ്റൊരു കേസില്‍ സര്‍വകലാശാല അസി. പ്രൊഫസറായിരുന്ന ഡോ. തമിഴ് ശെല്‍വമണിയുടെ നിയമനം നേരത്തെ തന്നെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. വൈസ് ചാന്‍സിലര്‍ക്ക് പുറമെ പല ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍മാരും അവരുടെ മക്കളെയും ബന്ധുക്കളെയും കേന്ദ്ര സര്‍വകലാശാലയില്‍ തിരുകിക്കയറ്റാനുള്ള നീക്കവും നടത്തിയിരുന്നു. സര്‍വകലാശാലയില്‍ നിയമനം കിട്ടിയവരില്‍ ഏറെയും വൈസ് ചാന്‍സിലറുടെ നാട്ടുകാരാണ്. സുപ്രധാനമായ പല തസ്തികകളിലും വാഴുന്നത് കേരള സര്‍വകലാശാലയില്‍നിന്ന് വിരമിച്ചവരുമാണ്. യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവരില്‍ പലരെയും വൈസ് ചാന്‍സിലര്‍ നിയമിച്ചത്.