Connect with us

International

സഊദിയുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തും: അമേരിക്ക

Published

|

Last Updated

റിയാദ്: സഊദിയും യു എസും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി. മധ്യപൗരസ്ത്യ ദേശ സന്ദര്‍ശനത്തിനിടെ റിയാദിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഈജിപ്തില്‍ നിന്നാണ് കെറിയും സംഘവും സഊദിയിലെത്തിയത്.
ഈജിപ്തില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ അവിടുത്തെ സര്‍ക്കാറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമെന്ന് കെറി പറഞ്ഞു. മധ്യപൗരസ്ത്യ ദേശത്തെ യു എസിന്റെ മുഖ്യ പങ്കാളിയാണ് സഊദി. ഈജിപ്തില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ ഈ വര്‍ഷം സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടിരുന്നു.
തുടര്‍ന്ന് ഈജിപ്തിനുള്ള സഹായങ്ങള്‍ യു എസ് നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ സൈന്യം നിയന്ത്രിക്കുന്ന ഈജിപ്ത് സര്‍ക്കാറിനെ പിന്തുണക്കുന്ന നിലപാടാണ് സഊദി സ്വീകരിച്ചത്. യു എസുമായുള്ള സഊദിയുടെ നിലപാടില്‍ മാറ്റം വരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെയാണ് കെറി ഈജിപ്തില്‍ നിന്ന് സഊദിയിലെത്തിയത്. ഈജിപ്ത് നിലപാടില്‍ സഊദിയുടെ പിന്തുണ തേടുകയാണ് കെറിയുടെ ലക്ഷ്യം.
സഊദി ഇന്റലിജന്‍സ് മേധാവി ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ യു എസുമായുള്ള സഊദിയുടെ നയം മാറുന്നുവെന്ന് സൂചന നല്‍കിയിരുന്നു. സിറിയന്‍ വിഷയത്തിലും സഊദി ഭിന്ന നിലപാട് സ്വീകരിച്ചിരുന്നു. ഇറാനും യു എസുമായുള്ള ബന്ധം വളരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച സഊദി, സിറിയന്‍ വിഷയത്തില്‍ ഇറാന്‍ സിറിയന്‍ സര്‍ക്കാറിനോട് ആഭിമുഖ്യം പുലര്‍ത്തുന്നുവെന്ന പരാതിയും ഉന്നയിച്ചിരുന്നു.

Latest