Connect with us

Palakkad

പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനാറാക്കരുത്: പു ക സ

Published

|

Last Updated

പാലക്കാട്: പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 ആക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ചെറുത്തുതോല്‍പ്പിക്കണമെന്ന് പുരോഗമന കലാ സാഹിത്യസംഘം പത്താം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. തുഞ്ചത്ത് എഴുത്തച്ഛന്റെ ഗുരുമഠം ഏറ്റെടുത്ത് ഭാഷാപഠന കേന്ദ്രമാക്കണമെന്നും കലാകാര പെന്‍ഷന്‍ വര്‍ധിപ്പിക്കണമെന്നും ആദിവാസി ഊരുകളില്‍ സാംസ്‌കാരിക പഠനകേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മൂന്ന് ദിവസങ്ങളിലായി പാലക്കാട് ടൗണ്‍ ഹാളില്‍ നടന്നുവന്ന സമ്മേളനം ഇന്നലെ സെമിനാറോടുകൂടി സമാപിച്ചു. സ്ത്രീ സാഹിത്യത്തിലും സമൂഹത്തിലും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു. സുജ സൂസന്‍ ജോര്‍ജ് അധ്യക്ഷയായി. കെ ആര്‍ മീര, മലര്‍വതി, ജ്യോതി”ഭായ് സംസാരിച്ചു. കൂടുമാറ്റം, കുത്താര്യ, മടക്കയാത്ര എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. നയരേഖ ചര്‍ച്ചകള്‍ക്ക് സംസ്ഥാന സെക്രട്ടറി കെ ഇ എന്‍ കുഞ്ഞഹമ്മദും പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ ചര്‍ച്ചകള്‍ക്ക് ജനറല്‍ സെക്രട്ടറി വി എന്‍ മുരളിയും മറുപടി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റായി വൈശാഖനെയും ജനറല്‍ സെക്രട്ടറിയായി പ്രൊഫ. വി എന്‍ മുരളിയേയും ഖജാഞ്ചിയായി ടി ആര്‍ അജയനേയും സമ്മേളനം തിരഞ്ഞെടുത്തു. എരുമേലി പരമേശ്വരന്‍പിള്ള, എസ് രമേശന്‍, ജാനഡ കുഞ്ഞുണ്ണി, ഗോകുലേന്ദ്രന്‍, പുരുഷന്‍ കടലുണ്ടി, ഏഴാച്ചേരി രാമചന്ദ്രന്‍, പി വി കെ പനയാല്‍, ഡോ. കെ പി മോഹനന്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.
എ കെ നമ്പ്യാര്‍, കെ ഇ എന്‍ കുഞ്ഞഹമ്മദ്, സുജസൂസന്‍ ജോര്‍ജ്, വി സീതമ്മാള്‍, സി ആര്‍ ദാസ്, വി കെ ജോസഫ്, എം എം നാരായണന്‍, ഡോ. പി എസ് ശ്രീകല, വിനോദ് വൈശാഖി എന്നിവര്‍ സെക്രട്ടറിമാരും ഒ എന്‍ വി കുറുപ്പ്, കെ എന്‍ പണിക്കര്‍, ബാലമോഹന്‍ തമ്പി, നൈനാന്‍ കോശി, നിലമ്പൂര്‍ ആയിശ, എം മുകുന്ദന്‍, പി വല്‍സല, ഷാജി എന്‍ കരുണ്‍, ലെനിന്‍ രാജേന്ദ്രന്‍, യു എ ഖാദര്‍ എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളുമാണ്.

---- facebook comment plugin here -----

Latest