വനിതാകമ്മീഷന്‍ അദാലത്തുകള്‍ പ്രഹസനമാകുന്നു

Posted on: November 4, 2013 5:53 am | Last updated: November 4, 2013 at 1:57 am

kwcതൃശൂര്‍: ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെ വനിതാ കമ്മീഷന്‍ അദാലത്തുകള്‍ പ്രഹസനമാകുന്നു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടത്തുന്ന വനിതാ കമ്മീഷന്‍ അദാലത്തുകളില്‍ പരാതികള്‍ കേള്‍ക്കുന്നതിനും തീര്‍പ്പാക്കുന്നതിനും പ്രത്യേക നിയമങ്ങളോ ചട്ടങ്ങളോ ഇല്ല. ഉള്ള നിയമങ്ങളോ പാലിക്കപ്പെടുന്നുമില്ല. പരാതിക്കാര്‍ക്ക് സാവകാശം പ്രശ്‌നങ്ങള്‍ പറയാനോ, തിരക്കില്ലാതെ കാത്തുനില്‍ക്കാനോ ഉള്ള സൗകര്യം പോലും പലപ്പോഴും അദാലത്തുകളില്‍ ലഭിക്കാറില്ല.
നിലവില്‍ കമ്മീഷന് അനുയോജ്യമായ ഒരു നിയമവും സര്‍ക്കാര്‍ ഇതുവരെ ഇറക്കിയിട്ടില്ല. സ്ത്രീകളുടെ വിഷയങ്ങള്‍ കൃത്യതയോടെ പരിഹരിക്കാന്‍ ഒരു കമ്മിറ്റി പോലും നിലവില്‍ ഇല്ല. വനിതാ കമ്മീഷന്‍ അദാലത്തില്‍ വരുന്ന തീര്‍പ്പായ പരാതികള്‍ക്ക് വ്യക്തമായ പകര്‍പ്പുകള്‍ കമ്മീഷനില്‍ നിന്നും പരാതിക്കാര്‍ക്ക് നല്‍കാറില്ല. പരാതിക്കാരന് പകര്‍പ്പ് കിട്ടണമെങ്കില്‍ വിവരാവകാശ നിയമപ്രകാരം മുന്നോട്ട് പോകണം. ഇത് പരാതിക്കാരന് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. ഓരോ അദാലത്തും വനിതാ കമ്മീഷന്‍ അധികൃതര്‍ക്ക് സൗകര്യമുള്ള സമയത്താണ് നടത്തുന്നത്. സൗകര്യപ്രദമായ സമയങ്ങളില്‍ നടത്തുന്നതുമൂലം പരാതികള്‍ നടപ്പാക്കുന്നതില്‍ കാലതാമസം നേരിടുന്നുണ്ട്. ഇത് കാരണം തുടര്‍നടപടിക്കായി മാറ്റിവെച്ച പരാതിക്കാര്‍ക്ക് പ്രയാസം നേരിടുകയാണ്. അദാലത്തില്‍ പങ്കെടുക്കുന്ന അധികൃതര്‍ക്ക് തുടര്‍ച്ചയില്ലാത്തതിനാല്‍ പരാതിക്കാര്‍ക്ക് തൊട്ടടുത്ത അദാലത്തിലും ആവര്‍ത്തന ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. മാനസികമായി വളരെയധികം പ്രയാസങ്ങള്‍ അനുഭവിക്കുന്ന പരാതിക്കാര്‍ പലപ്പോഴും അധികൃതര്‍ക്ക് മുമ്പില്‍ വീണ്ടും ഇവരുടെ പരാതികള്‍ പറയുന്നത് മൂലം മാനസികസമ്മര്‍ദമനുഭവിക്കുന്നുണ്ട്.
വനിതാ കമ്മീഷന്‍ അദാലത്തുകളില്‍ പങ്കെടുക്കുന്ന അധികൃതര്‍ വനിതകള്‍ ആയിരിക്കണമെന്നും പങ്കെടുക്കുന്ന വനിതകള്‍ സാമൂഹ്യപ്രവര്‍ത്തകരും നിയമപരമായി അറിവുള്ളവരുമാകണമെന്നും അനുശാസിക്കുന്നുണ്ടെങ്കിലും ഇത് പലപ്പോഴും അനുവര്‍ത്തിക്കാറില്ല. എന്നാല്‍ സ്ത്രീകള്‍ക്ക് അവരുടെ സ്വകാര്യത വെളിപ്പെടുത്താനും പ്രശ്‌നങ്ങള്‍ പറയാനുമൊക്കെയുള്ള ഇത്തരം വേദികളില്‍ പുരുഷന്‍മാരും പങ്കെടുക്കുന്നുണ്ട്. സ്ത്രീകളെ വനിതാ കമ്മീഷന്‍ പോലെയുള്ള വേദികളില്‍ നിന്ന് പിന്‍മാറുന്നതിനാണ് കാരണമാകുന്നുണ്ട്.