എസ് ഐ റാങ്ക് ലിസ്റ്റ്: പി എസ് സി നടപടികള്‍ക്കെതിരെ ആക്ഷേപം

Posted on: November 3, 2013 6:00 am | Last updated: November 3, 2013 at 1:15 am

policeതിരുവനന്തപുരം: ആറ് വര്‍ഷം കാത്തിരുന്ന് ഫലം വന്നിട്ടും പി എസ് സിയുടെ ഭാഗത്തു നിന്നുള്ള നടപടികള്‍ മൂലം ജനറല്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തിലുള്ള എസ് ഐ നിയമനം വീണ്ടും വൈകുന്നതായി ആക്ഷേപം ഉയരുന്നു. 315/2007 കാറ്റഗറി നമ്പര്‍ പ്രകാരം ആറ് വര്‍ഷം മുമ്പ് അപേക്ഷ ക്ഷണിച്ച് പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥികളെ മറികടന്ന് 11/2008 കാറ്റഗറി നമ്പര്‍ പ്രകാരം പരീക്ഷ എഴുതിയ ആംഡ് റിസര്‍വ് വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് ആദ്യം നിയമന ഉപദേശം നല്‍കാനുള്ള നീക്കമാണ് പ്രതിഷേധത്തിന് വഴി വെച്ചിട്ടുള്ളത്.
പി എസ് സി പ്രസിദ്ധീകരിച്ച ജനറല്‍ എക്‌സിക്യൂട്ടീവ് തസ്തികയിലുള്ള എസ് ഐ റാങ്ക് പട്ടികയിലുള്ള 280 ഉദ്യോഗാര്‍ഥികള്‍ക്ക് ഈ മാസം അഞ്ചിന് മുമ്പ് നിയമന ഉപദേശം നല്‍കാനാണ് പി എസ് സി തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിനിടെ ഉദ്യോഗാര്‍ഥികള്‍ക്ക് അയക്കേണ്ട രേഖകളില്‍ മേല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ ഇവ കോഴിക്കോട് പി എസ് സി റീജ്യനല്‍ ഓഫീസിലേക്ക് തന്നെ അയച്ചിരിക്കുന്നതായാണ് ഉദ്യോഗാര്‍ഥികളുടെ ആരോപണം. പി എസ് സിയുടെ ഈ നടപടി മൂലം ജനറല്‍ എക്‌സിക്യൂട്ടീവ് തസ്തികയിലുള്ളവര്‍ക്ക് നിയമന ഉപദേശം ലഭിക്കാന്‍ വീണ്ടും കാലതാമസം ഉണ്ടാകുമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആശങ്ക. തസ്തികമാറ്റം വഴി നിയമനത്തിനുളള അപേക്ഷകര്‍ക്ക് രേഖകള്‍ ഹാജരാക്കാന്‍ സമയം നല്‍കിയിരുന്നു. എന്നാല്‍ രേഖകള്‍ ഹാജരാക്കാതെ പിഴവ് വരുത്തിയവര്‍ക്കായും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ കേസ് നല്‍കിയവര്‍ക്ക് വേണ്ടിയും സേനയില്‍ നിലവില്‍ പ്രൊമോഷന്‍ കാത്തിരിക്കുന്നവര്‍ക്കു വേണ്ടിയും റാങ്ക് ലിസ്റ്റ് വൈകിപ്പിക്കുകയാണെന്ന ആക്ഷേപമാണ് ഉദ്യോഗാര്‍ഥികള്‍ ഉന്നയിക്കുന്നത്.
2007ല്‍ മൂന്ന് കാറ്റഗറികളിലായി എസ് ഐ തസ്തികയിലേക്ക് വിജ്ഞാപനം ക്ഷണിച്ച പി എസ് സി മൂന്ന് വര്‍ഷം കഴിഞ്ഞ് 2010ലാണ് പ്രാഥമിക പരീക്ഷ നടത്തുന്നത്. 2011ല്‍ മെയിന്‍ പരീക്ഷയും 2013ല്‍ കായിക പരീക്ഷയും നടത്തി ഈ വര്‍ഷം ജൂണിലാണ് അഭിമുഖ പരീക്ഷ പൂര്‍ത്തിയാക്കുന്നത്. ജനറല്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍ 254 ഒഴിവുകളും ആംഡ് റിസര്‍വ് പോലീസ് വിഭാഗത്തില്‍ 75 ഒഴിവുകളും ആംഡ് പോലീസ് ബറ്റാലിയന്‍ വിഭാഗത്തില്‍ 13 ഒഴിവുകളുമാണ് ഇതുവരെ പി എസ് സിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിലവില്‍ 1702 പേര്‍ സേവനം അനുഷ്ഠിക്കുന്ന ജനറല്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍ 1272 പേരും ഉദ്യോഗക്കയറ്റം വഴി എത്തിയവരാണ്. നിലവില്‍ എസ് ഐ നിയമനത്തില്‍ സ്ഥാനക്കയറ്റം വഴിയും നേരിട്ടുള്ള നിയമനവും 50:50 അനുപാതത്തിലാണ് നടത്തുന്നതെന്നിരിക്കെ 1702 പേരില്‍ 430 പേര്‍ മാത്രമാണ് നേരിട്ടുള്ള പി എസ് സി നിയമനം വഴി നിയമിക്കപ്പെട്ടിട്ടുള്ളത്. നിയമന നടപടികള്‍ നീളുന്നത് ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ഥികള്‍ മുഖ്യമന്ത്രിക്കും പി എസ് സി ചെയര്‍മാനും രേഖാമൂലം പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ഇതിന് മറുപടിയൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നിയമന നടപടികളില്‍ വീഴ്ച വരുത്താതെ ശരിയായ മാനദണ്ഡങ്ങളില്‍ നിയമനം നടത്തണമെന്നാണ് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.