കോമണ്‍വെല്‍ത്ത് സമ്മേളനം: പ്രധാനമന്ത്രി പങ്കെടുക്കുന്നത് തീരുമാനമായില്ല: ചിദംബരം

Posted on: November 3, 2013 1:08 am | Last updated: November 3, 2013 at 1:08 am

ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുക്കുന്ന കാര്യം തീരുമാനമായിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി പി ചിദംബരം. കൊളംബോയിലെ കോമണ്‍വെല്‍ത്ത് സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പി ചിദംബരത്തിന്റെ ഈ പ്രസ്താവന. ഡി എം കെ പ്രതിനിധികളുമായി നടന്ന കൂടിക്കാഴ്ചക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി ശ്രീലങ്ക സന്ദര്‍ശിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്. ഇതുവരെയും അന്തിമ തീരുമാനം എടുത്തിട്ടില്ല. കോണ്‍ഗ്രസ് നേതാക്കള്‍ അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടില്‍ ഡി എം കെ ഉള്‍പ്പെടെ പതിനൊന്ന് രാഷ്ട്രീയ പാര്‍ട്ടികളാണ് പ്രധാനമന്ത്രിയുടെ ശ്രീലങ്കന്‍ യാത്ര അവസാനിപ്പിച്ച് കോമണ്‍വെല്‍ത്ത് യോഗം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുള്ളത്. ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കെതിരെ അരങ്ങേറിയ യുദ്ധക്കുറ്റത്തില്‍ ഇവര്‍ ശക്തിയായി അമര്‍ഷം രേഖപ്പെടുത്തുകയും ചെയ്തു. ഇക്കാര്യത്തില്‍ ഡി എം കെ തങ്ങളുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
ഈ പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുത്താല്‍ എല്ലാ സഖ്യകക്ഷികളും അനന്തരഫലം അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2004 മുതല്‍ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാണ് ഡി എം കെ. അതേസമയം, ശ്രീലങ്കന്‍ വിഷയത്തിലെ യു പി എയുടെ നിലപാടില്‍ പ്രതിഷേധിച്ച് ഈ വര്‍ഷം തുടക്കത്തില്‍ ഡി എം കെ, സഖ്യം വിച്ഛേദിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ ബന്ധം തുടരുന്നുണ്ട്. കരുണാനിധിയുടെ മകള്‍ കനിമൊഴി രാജ്യസഭയിലേക്ക് ഈയിടെ തിരഞ്ഞെടുക്കപ്പെട്ടത് കോണ്‍ഗ്രസിന്റെ സഹായത്തോടെയായിരുന്നു.
ശ്രീലങ്കയില്‍ സിനിമാ നടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച പി ചിദംബരം, ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.