കാന്തപുരത്തിന്റെ അസം സന്ദര്‍ശനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Posted on: November 2, 2013 10:58 pm | Last updated: November 2, 2013 at 11:00 pm

KANTHAPURAM-NEWഗുവാഹത്തി: അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നവംബര്‍ 8,9 തിയ്യതികളില്‍ നടക്കുന്ന അസം സന്ദര്‍ശന പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. നവംബര്‍ 7ന് വൈകുന്നേരം 3മണിക്ക് കരിപ്പൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെടുന്ന സംഘം വൈകുന്നേരം 5മണിക്ക് ചെന്നൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിച്ചേരും. എം എസ് ഒ, എം ഒ ഐ തമിഴ്‌നാട് സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെന്നൈ എഗ്‌മോര്‍ സിംഗപൂര്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 7 മണിക്ക് കാന്തപുരത്തിന്റെ സംഘാംഗങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ചൊന്നൈയിലെ പൗരപ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. രാവിലെ 9 മണിക്ക് ഗുവാഹത്തിയിലെത്തുന്ന സംഘത്തെ അസം ഇസ്‌ലാമിക് കോണ്‍ഫറന്‍സിന്റെ സ്വാഗതസംഘം ഭാരവാഹികള്‍ സ്വീകരിക്കും.

ഉച്ചയ്ക്ക് 2 മണിക്ക് ഗുവാഹത്തി ജില്ലാ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടക്കുന്ന എലൈറ്റ് മീറ്റില്‍ അസം സംസ്ഥാന മുഖ്യമന്ത്രി ജി. തരുണ്‍ ഗഗോയ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന മന്ത്രിമാരായ ഹേമന്തബിശ്വ ശര്‍മ(വിദ്യാഭ്യാസം, ആരോഗ്യം), ശ്രീ അകോസ ബോറ(സാമൂഹ്യ ക്ഷേമം), മുഹമ്മദ് റഖീബുല്‍ ഹുസൈന്‍(വനം വകുപ്പ്) മുഹമ്മദ് സ്വീദ്ദീഖ് അഹ്മദ്(സഹകരണം, അതിര്‍ത്തി വികസനം)എന്നിവരും പാര്‍ലിമെന്റ് സെക്രട്ടറി റഖീബുദ്ദീന്‍ അഹ്മദ്, അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. പി കെ അബ്ദുല്‍ അസീസ്, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് , ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, സുഹൈറുദ്ധീന്‍ നൂറാനി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

വൈകുന്നേരം 5 മണിക്ക് ഹാതിഗാവ് ഈദ്ഗാഹ് മൈതാനിയില്‍ അസം ഇസ്‌ലാമിക് കോണ്‍ഫറന്‍സിലും ശനിയാഴ്ച രാവിലെ ഹൈലക്കണ്ടി രവീന്ദ്രഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് നേതൃസംഗമം, ഉച്ചക്ക് 2 മണിക്ക് നടക്കുന്ന എലൈറ്റ് കോണ്‍ഫറന്‍സ്, വൈകുന്നേരം 6മണിക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ബൊറാക്ക് വാലി മുസ്‌ലിം കോണ്‍ഫറന്‍സ് തുടങ്ങിയ പരിപാടികളില്‍ കാന്തപുരം മുഖ്യാതിഥിയായി സംബന്ധിക്കും. അസമിലെ വംശീയ കലാപത്തിന് ഇരയായി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സുന്നി സംഘ കുടുംബത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഭവന നിര്‍മാണ പദ്ധതിയുടെ ശിലാസ്ഥാപന കര്‍മവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. ഗുവാഹത്തി അസം ഇസ്‌ലാമിക് കോണ്‍ഫറന്‍സ് സ്വാഗത സംഘം ഓഫീസില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം പരിപാടിയുടെ ഒരുക്കങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ മൗലാനാ നബീഉല്‍ ഹഖ്‌രിസ്ഹയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഡോ. എ പി അബ്ദുല്‍ ഹഖീം അസ്ഹരി ഉദ്ഘാടനം ചെയ്തു. ആര്‍ പി ഹുസൈന്‍, സുഹൈറുദ്ധീന്‍ നൂറാനി, മൗലാന സൈനുല്‍ ആബിദീന്‍, മൗലാനാ ഫഖ്‌റുദ്ധീന്‍, മൗലാനാ സാബിത് അബ്ദുല്‍ നൂറാനി തുടങ്ങിയവര്‍ സംബന്ധിച്ചു.