Connect with us

National

ജെ ഡി യു. എം പിക്കെതിരെ സി ബി ഐ കേസ്

Published

|

Last Updated

ന്യൂഡല്‍ഹി: വ്യാജ യാത്രാ ഇളവ് രേഖകള്‍ നിര്‍മിച്ച് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ജനതാദള്‍ യുനൈറ്റഡ് എം പി അനില്‍ സാഹിനിക്കെതിരെ സി ബി ഐ കേസെടുത്തു. രാജ്യസഭാംഗമാണ് അനില്‍. ബീഹാറിലെ മുസാഫര്‍പൂരിലെ ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലും ഓഫീസിലും റെയ്ഡ് നടന്നു. കുംഭകോണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലും മറ്റുമായി നിരവധി കേസുകള്‍ സി ബി ഐ രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു.
വ്യാജ വിമാന ടിക്കറ്റും ബോര്‍ഡിംഗ് പാസും ഉപയോഗിച്ച് വ്യാജ യാത്രാ ഇളവ് രേഖകള്‍ ഉണ്ടാക്കിയെന്നാണ് സാഹിനിക്കെതിരെയുള്ള കേസ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അഴിമതി നിരോധ നിയമ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസ് സി ബി ഐക്ക് കൈമാറിയത്.
രേഖകള്‍ പരിശോധിച്ചതില്‍ ക്രമക്കേട് നടത്തിയതിന്റെ തെളിവുകള്‍ സി ബി ഐക്ക് ലഭിച്ചു. ഇത്തരം വ്യാജ രേഖകളുണ്ടാക്കി സര്‍ക്കാറില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായാണ് കേസ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് യാത്രാ ഇളവ് ലഭിക്കാന്‍ വ്യാജ ലീവ് ട്രാവല്‍ കണ്‍സെഷന്‍ ഉണ്ടാക്കിക്കൊടുക്കുകയാണ് ചെയ്തത്. എയര്‍ ഇന്ത്യയുടെ വിജിലന്‍സ് വിഭാഗം നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്. മാര്‍ച്ചില്‍ 600ഓളം ബ്ലാങ്ക് ബോര്‍ഡിംഗ് പാസുകളുമായി കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഒരാള്‍ അറസ്റ്റിലായതിനെ തുടര്‍ന്നായിരുന്നു ഇത്.

 

 

Latest