Connect with us

Ongoing News

അനധികൃത മണല്‍കടത്ത്; നാല് വാഹനങ്ങള്‍ പിടികൂടി

Published

|

Last Updated

പെരിന്തല്‍മണ്ണ: ഏറനാട് താലൂക്കിലെ കൊണ്ടോട്ടി, നെടിയിരുപ്പ്, പുളിക്കല്‍, വെട്ടിക്കാട്ടിരി വില്ലേജ് പരിധികളില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ സബ്കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നെടിയിരുപ്പ് വില്ലേജ് പരിധിയില്‍ നിന്നും അനധികൃതമായി മണലെടുക്കുകയായിരുന്ന ഒരു മണ്ണ്മാന്തിയന്ത്രവും മണ്ണ് കടത്തിക്കൊണ്ടുപോവുകയായിരുന്ന വേളയില്‍ രണ്ട് ടിപ്പര്‍ ലോറികളും പിടിച്ചെടുത്തു.
പിടിച്ചെടുത്ത വാഹനങ്ങള്‍ കൊണ്ടോട്ടി പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. തുടര്‍ന്ന് പുളിക്കല്‍ വില്ലേജ് പരിധിയില്‍ പ്രവര്‍ത്തിച്ചുവരുന്ന കരിങ്കല്‍ ക്വാറിയെ സംബന്ധിച്ച പരാതിയില്‍ സ്ഥലം പരിശോധിക്കുകയും തര്‍ക്കവിധേയമായ ക്വാറിയുടെ ഉടമസ്ഥന് സ്റ്റോപ്പ് മെമ്മോ നല്‍കുന്നതിനും വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.
ഏറനാട് താലൂക്കിലെ അനധികൃത മണല്‍ കടവുകള്‍ പരിശോധിച്ച് വരവേ പയ്യനാട് ഭാഗത്ത് നിന്നും അനധികൃതമായി മണല്‍ കയറ്റിവരികയായിരുന്ന ആപ്പ ഗുഡ്‌സ് വാഹനവും പിടിച്ചെടുത്തു. സ്‌ക്വാഡിനെ കണ്ട മാത്രയില്‍ വാഹനം മണല്‍ സഹിതം ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടിപ്പോവുകയും മറ്റു ഡ്രൈവര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തി വാഹനം പാണ്ടിക്കാട് പോലീസിന് കൈമാറുകയുമായിരുന്നു.
സബ്കലക്ടറുടെ നേതൃത്വത്തില്‍ നടന്ന സ്‌ക്വാഡ് പ്രവര്‍ത്തനത്തില്‍ ഓഫീസ് സ്റ്റാഫ് അംഗങ്ങളായ വിജയകുമാരന്‍, രാമനാഥന്‍ തച്ചിങ്ങനാടം, രാഘവന്‍ പുലാമന്തോള്‍, ജിജോ എം രാജു പങ്കെടുത്തു.