Connect with us

Wayanad

യോജിച്ച പ്രക്ഷോഭം ശക്തിപ്പെടുത്തും: വ്യാപാരി ഹര്‍ത്താലിന് സി പി എം പിന്തുണ

Published

|

Last Updated

കല്‍പറ്റ: രാത്രിയാത്ര നിരോധം നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചിന് വ്യാപാരികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് സി പി എം പിന്തുണ പ്രഖ്യാപിച്ചു. ജില്ലയുടെ നീറുന്ന പ്രശ്‌നങ്ങളില്‍ ഒത്തൊരുമിച്ചുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായണ് ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നതെന്ന് ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
രാത്രിയാത്ര നിരോധനം നീക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് നേരത്തെതന്നെ സിപിഐ എം ആവശ്യപ്പെട്ടതാണ്. എന്നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനുള്ള നടപടികള്‍ സ്വീകരിച്ചില്ല. ജില്ലയെ പ്രതിനിധാനം ചെയ്യുന്ന എംപിയും എംഎല്‍മാരും ഈ ആവശ്യത്തോട് മുഖം തിരിച്ചു. സിപിഐ എമ്മിന്റെ നിലപാടുകള്‍ പൊതുസമൂഹം ഒന്നാകെ ഏറ്റെടുക്കുന്നത് ആശാവഹമാണ്. ഇപ്പോള്‍ രാത്രിയാത്രക്കുള്ള ഏക ആശ്രയമായ കാട്ടിക്കുളം -തോല്‍പ്പെട്ടി റോഡും അടയ്ക്കാനുള്ള നീക്കം നടത്തുകയാണ്. ജില്ല പൂര്‍ണ്ണമായി ഒറ്റപ്പെടുന്ന സാഹചര്യമായിട്ടും സര്‍ക്കാര്‍ നോക്കിനില്‍ക്കുന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ പാരിസ്ഥിതിക സംവേദകമേഖലകള്‍കൂടി പ്രഖ്യാപിക്കുമ്പോള്‍ ജനജീവിതം കൂടുതല്‍ ദുസഹമാകും. ആളുകള്‍ കൂട്ടത്തോടെ ഒഴിയേണ്ടിവരും. ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളില്‍ സിപി എം കൈകൊണ്ട നിലപാടുകളോടൊപ്പം വ്യാപാരികള്‍ ഉള്‍പ്പെടെയുള്ള പൊതുസമൂഹവും നിലകൊള്ളുകയാണ്. യോജിച്ചുള്ള കൂടുതല്‍ സമരങ്ങള്‍ക്ക് സി പി എം നേതൃത്വം നല്‍കുമെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.