Connect with us

Editorial

സിവില്‍ സര്‍വീസും കോടതി നിര്‍ദേശങ്ങളും

Published

|

Last Updated

സിവില്‍ സര്‍വീസുമായി ബന്ധപ്പെട്ട വ്യാഴാഴ്ചത്തെ സുപ്രീം കോടതി വിധി സുപ്രധാനമാണ്. രാഷ്ട്രീയ ഇടപെടലുകളില്‍ നിന്ന് ഉദ്യോഗസ്ഥരെ മോചിപ്പിക്കുന്നതിന് സിവില്‍ സര്‍വീസിലെ നിയമനവും സ്ഥലംമാറ്റവും കൈകാര്യം ചെയ്യാന്‍ കേന്ദ്ര, സംസ്ഥാന തലങ്ങളില്‍ പ്രത്യേക ബോര്‍ഡ് രൂപവത്കരണം ഉള്‍പ്പെടെയുള്ള ഭരണപരിഷ്‌കരണങ്ങള്‍ നടപ്പാക്കണമെന്നാണ് കോടതി ഉത്തരവ്. പുതിയ സിവില്‍ സര്‍വീസ് ബോര്‍ഡിന്റെ പ്രവര്‍ത്തനം സ്വതന്ത്രമാക്കാന്‍ പാര്‍ലിമെന്റില്‍ നിയമം കൊണ്ടുവരണമെന്നും ഐ എ എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, നിയമനം, അച്ചടക്ക നടപടി എന്നിവ നിശ്ചയിക്കുന്നതിന് പ്രത്യേകം നിയമം ആവിഷ്‌കരിക്കണമെന്നും മുന്‍ കാബിനറ്റ് സെക്രട്ടറി ടി എസ് ആര്‍ സുബ്രഹ്മണ്യന്‍ ഉള്‍പ്പെടെ സര്‍വീസില്‍ നിന്നു വിരമിച്ച 83 പേര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയില്‍ കോടതി നിര്‍ദേശിക്കുന്നു. രാഷ്ട്രീയാധികാരികളുടെ വാക്കാലുള്ള നിര്‍ദേശങ്ങള്‍ അനുസരിക്കരുതെന്ന് ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ഉദ്യോഗസ്ഥരെ ഉപദേശിക്കുകയുണ്ടായി.
നിലവില്‍ ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും തീരുമാനിക്കുന്നത് സര്‍ക്കാറാണെന്നതിനാല്‍ ഭരണകക്ഷികളുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കേണ്ട ഗതികേടിലാണവര്‍. അനുസരിച്ചില്ലെങ്കില്‍ സ്ഥലംമാറ്റമോ ദ്രോഹകരമായ മറ്റു നടപടികളോ അനുഭവിക്കേണ്ടി വരുമോ എന്ന ആശങ്കയാല്‍ പ്രാദേശിക രാഷ്ട്രീയക്കാരെ പോലും ഭയപ്പെടുകയാണ് പല ജീവനക്കാരും. ഇതുമൂലം സത്യസന്ധമായി ജോലി ചെയ്യാനും അവര്‍ക്കാകുന്നില്ല. പൊതുതാത്പര്യവും ജനനന്മയും ലാക്കാക്കി നടപ്പാക്കാന്‍ തുനിഞ്ഞ പല കാര്യങ്ങളും രാഷ്ട്രീയക്കാരുടെ ഇടപെടല്‍ മൂലം ഉദ്യോഗസ്ഥ മേധാവികള്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. മൂന്നാറിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ഉദ്യോഗസ്ഥ മേലാളന്മാര്‍ക്ക്, ഏറെ താമസിയാതെ കച്ച അഴിച്ചു തലയും താഴ്ത്തി തിരിച്ചു പോരേണ്ടി വന്നതും ഉത്തര്‍ പ്രദേശില്‍ മണല്‍ മാഫിയക്കെതിരെ കര്‍ശന നിലപാടെടുത്ത ഐ എ എസ് ഉദ്യോഗസ്ഥ ദുര്‍ഗ ശക്തിയും ഹരിയാനയിലെ അശോക് ഖേംകയും അനുഭവിച്ച പീഡനങ്ങളും മറക്കാറായിട്ടില്ല. രാഷ്ട്രീയക്കാരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ, മണല്‍ മാഫിയയെ ശക്തമായി നേരിട്ടതിന്റെ പേരിലാണ്, മറ്റൊരു കേസില്‍ കുടുക്കി ദുര്‍ഗ ശക്തിയെ യു പി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഈ നടപടി വിവാദമായതോടെ അവരെ തിരിച്ചെടുക്കേണ്ടി വന്നെങ്കിലും സ്ഥലം മാറ്റി പക തീര്‍ക്കുകയായിരുന്നു പിന്നീട് അഖിലേഷ് യാദവ് സര്‍ക്കാര്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയുടെയും റിയല്‍ എസ്‌റ്റേറ്റ് ഭീമന്‍ ഡി എല്‍ എഫിന്റെയും അവിശുദ്ധ ഇടപാടുകള്‍ക്കെതിരെ നടപടിക്ക് തുനിഞ്ഞതിനാണ് ഐ എ എസ് ഓഫീസര്‍ അശോക് ഖേംകയെ സര്‍വീസില്‍ തരം താഴ്ത്തിയതും നിരന്തരം സ്ഥലം മാറ്റി പീഡിപ്പിച്ചതും.
കേന്ദ്രത്തില്‍ കാബിനറ്റ് സെക്രട്ടറിയുടെയും സംസ്ഥാനങ്ങളില്‍ ചീഫ് സെക്രട്ടറിമാരുടെയും അധ്യക്ഷതയില്‍ ഭരണ, മാനേജ്‌മെന്റ്, ശാസ്ത്ര സാങ്കേതിക മേഖലകളിലെ വിദഗ്ധര്‍ ഉള്‍ക്കൊള്ളുന്ന സിവില്‍ സര്‍വീസ് ബോര്‍ഡാണ് കോടതി നിര്‍ദേശിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ നിയമനം, സ്ഥലംമാറ്റം, അച്ചടക്ക നടപടി തുടങ്ങിയ പ്രശ്‌നങ്ങളിലെല്ലാം സര്‍ക്കാറിന് മാര്‍ഗനിര്‍ദേശം നല്‍കാന്‍ പ്രാപ്തമായ ഈ ബോര്‍ഡ് മൂന്ന് മാസത്തിനകം രൂപവത്കരിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. ബോര്‍ഡ് അംഗങ്ങളെ നിശ്ചയിക്കുമ്പോള്‍ തങ്ങള്‍ക്ക് സ്വാധീനിക്കാന്‍ പറ്റുന്നവരെ തിരുകിക്കയറ്റി ഭരണകക്ഷികളുടെ ചട്ടുകമാക്കി ബോര്‍ഡിനെ മാറ്റാനുള്ള സാധ്യത മുന്‍കണ്ട് ബോര്‍ഡിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സഹായകമായ വ്യവസ്ഥകളും അംഗങ്ങളുടെ തിരഞ്ഞെടുപ്പിന് വ്യക്തമായ മാനദണ്ഡങ്ങളും ആവിഷ്‌കരിക്കേണ്ടതുണ്ട്.
ജീവനക്കാരുടെ നിയമനവും സ്ഥലം മാറ്റവും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മുക്തമാക്കുന്നത് ഉദ്യോഗസ്ഥ മേധാവിത്വത്തിന് വഴിയൊരുക്കാതിരിക്കാനുള്ള നടപടികളും ആവശ്യമാണ്. നിലവിലുള്ള അവസ്ഥയില്‍ പോലും ഉദ്യോഗസ്ഥ മേധവിത്വം വ്യാപകമാണെന്ന പരാതിയുണ്ട്. ചില വകുപ്പുകളുടെ ഭരണം പൂര്‍ണമായി തന്നെ ഉദ്യോഗസ്ഥരുടെ കൈകളിലാണ്. സര്‍ക്കാര്‍ ഉത്തരവുകള്‍ തടഞ്ഞു വെക്കുകയും മന്ത്രിമാര്‍ അറിയാതെ അനാവശ്യമായ ഉത്തരവുകളും നിര്‍ദേശങ്ങളും പുറപ്പെടുവിക്കുകയും ചെയ്തു ഉദ്യോഗസ്ഥ മേധാവികള്‍ ജനങ്ങളെ ദ്രോഹിച്ച സംഭവങ്ങള്‍ നിരവധിയാണ്. ഏഷ്യന്‍ രാജ്യങ്ങളിലെ ഏറ്റവും മോശമായ ഉദ്യോഗസ്ഥ സംവിധാനം ഇന്ത്യയിലാണെന്ന് ഹോംഗ്‌കോംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും കെടുകാര്യസ്ഥതയുമാണ് അവരെ ഈ നിഗമനത്തിലേക്ക് നയിച്ചതെന്നത് ഇതോട് ചേര്‍ത്തു കാണേണ്ടതാണ്. –

Latest