Connect with us

Malappuram

നാട്ടുകാര്‍ കാത്തിരിക്കുന്നു; മുഖ്യമന്ത്രി വഴി തുറക്കുമോ?

Published

|

Last Updated

പെരിന്തല്‍മണ്ണ: ആറു മാസം മുമ്പ് ആശ്രയ പദ്ധതിയിലൂടെ സ്വന്തമായ മുച്ചക്രവാഹനം ഓടിച്ച് അങ്ങാടി വരെ ഒന്നു പോകണംമുട്ടത്ത് അജി ജോസഫ് സ്വപ്‌നം കണ്ടുതുടങ്ങിയിട്ട് നാളുകളേറെയായി.
കുടിയേറ്റ കര്‍ഷകര്‍ 30 വര്‍ഷം മുമ്പ് കൈമെയ് മറന്ന് നിര്‍മിച്ച ആറര മീറ്റര്‍ വീതിയുള്ള കരിവെട്ടി കിഴക്കേമുക്ക് പരിയാപുരം റോഡാണ് അധികൃതരുടെ അനാസ്ഥയില്‍ തകര്‍ന്നു കിടക്കുന്നത്. പെരിന്തല്‍മണ്ണ മുനിസിപ്പല്‍ അതിര്‍ത്തിയായ കരിവെട്ടിയില്‍ തുടങ്ങുന്ന ഈ റോഡ് അങ്ങാടിപ്പുറം പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലാണ്. കേവലം 350 മീറ്റര്‍ മാത്രം ടാറിംഗ് നടത്തിയാല്‍ വാഹനാപകടത്തെ തുടര്‍ന്ന് അരക്ക് കീഴ്‌പോട്ടു ചലനശേഷി നഷ്ടപ്പെട്ട അജിക്കും നൂറോളം കുടുംബങ്ങള്‍ക്കും രക്ഷയാകും. കുന്നപ്പള്ളി, പരിയാപുരം, പുത്തനങ്ങാടി, അങ്ങാടിപ്പുറം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഈ റോഡ് ഗതാഗതയോഗ്യമാക്കിയാല്‍ ആശുപത്രികള്‍, വിദ്യാലയങ്ങള്‍, കോളജുകള്‍, ഗവ.ഓഫീസുകള്‍ എന്നിവിടങ്ങളിലേക്ക് ദിനംപ്രതി പോകുന്ന അനേകര്‍ക്ക് അനുഗ്രഹമാകും. ഇപ്പോള്‍ ഒരു ഓട്ടോറിക്ഷ പോലും ഈ വഴി വരില്ല. വിദ്യാര്‍ഥികളും കര്‍ഷകരും രോഗികളുമാണ് ഏറെ ദുരിതമനുഭവിക്കുന്നത്. ഈ റോഡിന്റെ വികസനത്തിനായി നയാപൈസ പോലും സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും നീക്കിവെച്ചിട്ടില്ല എന്നതിലും നാട്ടുകാര്‍ ക്ഷുഭിതരാണ്.
2010 ഡിസംബര്‍ പത്തിനുണ്ടായ ബൈക്കപടകമാണ് പെയ്ന്റിംഗ് തൊഴിലാളിയായിരുന്ന അജി (36)യുടെ ജീവിതം തകര്‍ത്തത്. പത്ത് സെന്റ് ഭൂമിയിലെ കൊച്ചുവീട്ടില്‍ അമ്മോയും ഭാര്യയോടും രണ്ട് മക്കളോടുമൊപ്പമിരുന്ന് അജി പ്രതീക്ഷകള്‍ പങ്കിട്ടു. മുച്ചക്ര വാഹനം കൂട്ടുകാരാണ് ഉന്തിത്തള്ളി ഇവിടെ കൊണ്ടെത്തിച്ചത്. റോഡ് ടാറിട്ടാല്‍ ഈ വണ്ടിയില്‍ അങ്ങാടിയില്‍ പോയി ചെറിയ കച്ചവമെന്തെങ്കിലും നടത്തി കുടുംബം പുലര്‍ത്തണം. ഇല്ലെങ്കില്‍ പട്ടിണിയാകും. റോഡ് നന്നാക്കണമെന്ന നിവേദനവുമായി നവംബര്‍ നാലിന് മുഖ്യമന്ത്രിയെ കാണാന്‍ അജി മലപ്പുരത്ത് പോകാനൊരുങ്ങുകയാണ്. എം എല്‍ എ ക്കും കലക്ടര്‍ക്കും ഭരണാധികാരികള്‍ക്കും തന്റെ കണ്ണീരില്‍ കുതിര്‍ന്ന നിവേദനം അജി ഒരിക്കല്‍കൂടി നല്‍കുന്നുണ്ട്.