Connect with us

Malappuram

നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

Published

|

Last Updated

മഞ്ചേരി: അമിത ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്ന് നൂറുകോടി രൂപ തട്ടിയെടുത്തുവെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ട്, മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാകോടതി തള്ളി.
2007 മെയ് ഒന്ന്, 17 തിയതികളിലായി കുറ്റിപ്പുറം ഷാന്‍ എന്റര്‍പ്രൈസസില്‍ നാലര ലക്ഷം രൂപ നിക്ഷേപിച്ച വളാഞ്ചേരി ആതവനാട് കിഴക്കേപ്പാട് സാജിദ, 2008 ഒക്‌ടോബര്‍ 20ന് ഒന്നര ലക്ഷം രൂപ നിക്ഷേപിച്ച കുറ്റിപ്പുറം സ്വദേശി സൈതലവി (38) എന്നിവരുടെ പരാതിപ്രകാരമുള്ള കേസില്‍ രണ്ടാംപ്രതി കുറ്റിപ്പുറം തെക്കേ അങ്ങാടി വലിയ പള്ളിയാളില്‍ മുഹമ്മദ് മുസ്തഫ (39), മൂന്നാംപ്രതി കുറ്റിപ്പുറം പുഴനമ്പ്രം അന്നത്ത് ഫൈസല്‍ (30) എന്നിവരുടെ ജാമ്യാപേക്ഷയാണ് സെഷന്‍സ് ജഡ്ജി പി കെ ഹനീഫ നിരസിച്ചത്.
ഒരു ലക്ഷം രൂപക്ക് 5000 രൂപ ലാഭവിഹിതം വാഗ്ദാനം ചെയ്ത് ആയിരത്തോളം പേരില്‍ നിന്നായി നൂറ് കോടിയില്‍ പരം രൂപ തട്ടിയെടുത്ത് മുതലും ലാഭവും നല്‍കാതെ വിശ്വാസവഞ്ചന നടത്തുകയും കേസായതോടെ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യമെടുത്ത് വിദേശത്തേക്ക് മുങ്ങുകയും ചെയ്ത കുറ്റിപ്പുറം നൂര്‍ മന്‍സിലില്‍ കമ്പാല മുഹമ്മദ് അബ്ദുല്‍നൂര്‍, നൂറിന്റെ കുറ്റിപ്പുറത്തുള്ള ഷാന്‍ എന്റര്‍പ്രൈസസ് ഓഫീസിലെ ജീവനക്കാരായ മുഹമ്മദ് മുസ്തഫ, ഫൈസല്‍, ഹാരിസ് എന്നിവര്‍ക്കെതിരെയാണ് പരാതി.
വളാഞ്ചേരി, കുറ്റിപ്പുറം, തിരൂര്‍ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ പരാതിയുണ്ട്. പരാതി നല്‍കിയാല്‍ കൊടുത്ത തുക കിട്ടിയില്ലെന്നും നൂര്‍ ജാമ്യത്തിലിറങ്ങിയാല്‍ ഉടന്‍ നിക്ഷേപകര്‍ക്ക് തുക തിരിച്ച് തരുമെന്നും ഓഫീസ് ജീവനക്കാര്‍ പറഞ്ഞു വിശ്വസിപ്പിച്ച് കേസ് കൊടുക്കുന്നതില്‍ നിന്ന് നിക്ഷേപകരെ പിന്തിരിപ്പിച്ചുവെന്നും നൂര്‍ തട്ടിപ്പ് നടത്തുകയാണെന്നറിഞ്ഞുകൊണ്ട് പണം വാങ്ങാന്‍ കൂട്ട് നിന്നുവെന്നുമാണ് രണ്ട്, മൂന്ന് പ്രതികള്‍ക്കെതിരെയുള്ള പരാതി.
തട്ടിപ്പ് നടത്തിയതിനും ജാമ്യമെടുത്ത് വിദേശത്തേക്ക് മുങ്ങിയതിനും നൂറിനെതിരെ കേസുകളുണ്ട്. 2013 സെപ്തംബര്‍ 25 മുതല്‍ സി ബി സി ഐ ഡി മലപ്പുറം ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ എം മുഹമ്മദ് ഹനീഫയുടെ ഹരജി പ്രകാരം ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി നൂറിനെ കോടതി ക്രൈംബ്രാഞ്ചിന് വിട്ടുകൊടുത്തു.