Connect with us

International

ഒബാമയെ പിന്തള്ളി പുടിന്‍ ലോകത്തെ സ്വാധീനമുള്ള നേതാവ്

Published

|

Last Updated

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ പിന്നിലാക്കി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ ലോകത്തിലെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടികയില്‍ ഒന്നാമത്. ഫോബ്‌സ് മാസികയാണ് ഈ വര്‍ഷത്തെ ലോകത്തെ ഏറ്റവും പ്രബലരായ നേതാക്കളെ തിരഞ്ഞെടുത്തത്.
ഒബാമയാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം ഒമ്പതാം സ്ഥാനത്തായിരുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സി ജിന്‍പിംഗ് ഒബാമക്ക് പിന്നില്‍ മൂന്നാം സ്ഥാനത്തെത്തി പട്ടികയില്‍ ശ്രദ്ധ പിടിച്ചുപറ്റി.
ഏറ്റവും ശക്തരായ പത്തു പേരുടെ പട്ടികയില്‍ കൂടുതലും ഭരണാധികാരികളും രാഷ്ട്രീയക്കാരുമാണ്. ഫ്രാന്‍സിസ് പോപ്പ് നാലാമതും ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ അഞ്ചാമതുമുണ്ട്. പട്ടികയില്‍ ഏറ്റവും മുന്നിലുള്ള വനിതയും മെര്‍ക്കല്‍ തന്നെയാണ്. ആദ്യ പത്തില്‍നിന്ന് പുറത്തായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പതിനൊന്നാമനാണ്.
അമേരിക്കയുടെ ഭീഷണി വകവെക്കാതെ എഡ്വേര്‍ഡ് സ്‌നോഡന് രാഷ്ട്രീയ അഭയം നല്‍കിയതാണ് പുടിന് ജനപ്രീതി നേടിക്കൊടുത്തത്. സിറിയയില്‍ രാസായുധത്തിന്റെ പേരില്‍ യുദ്ധത്തിനിറങ്ങിയ അമേരിക്കയെ നയതന്ത്ര സമ്മര്‍ദത്തിലൂടെ പിന്തിരിപ്പിച്ചതും പുടിന് നേട്ടമായി.
16 ദിവസം യു എസ് സര്‍ക്കാര്‍ അടച്ചിടാനുണ്ടായ സാഹചര്യവും ഒബാമക്ക് തിരിച്ചടിയായി. പട്ടികയില്‍ അഞ്ചാമത് ബില്‍ ഗേറ്റ്‌സ് സ്ഥാനം പിടിച്ചു. സഊദി രാജാവ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് എട്ടാം സ്ഥാനത്താണ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബേങ്ക് പ്രസിഡന്റ് മറിയോ ദ്രാഗിയാണ് ഒമ്പതാമതെത്തിയത്. പത്താമന്‍ വാള്‍മാര്‍ട്ട് സി ഇ ഒ മൈക്കേല്‍ ഡ്യൂക്കാണ്.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഇരുപത്തെട്ടാമതും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി മുപ്പത്തെട്ടാമതും ആര്‍സലര്‍ മിത്തല്‍ സി ഇ ഒ. ലക്ഷ്മി മിത്തല്‍ അന്‍പത്തൊന്നാമതുമെത്തി.പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ഇരുപത്തിനാലാം സ്ഥാനത്തുള്ള ഫേസ്ബുക്കിന്റെ 29കാരനായ സിഇ ഒ സുക്കര്‍ബര്‍ഗ് ആണ്.

Latest