Connect with us

Articles

ഉള്ളി: ഉള്ളുകള്ളികളും കള്ളക്കളികളും

Published

|

Last Updated

ഒരു കിലോ ഉള്ളിയുടെ വില ഡല്‍ഹിയില്‍ 100 രൂപയിലധികമായി ഉയര്‍ന്നിരിക്കുന്നു. ഉള്ളിവിലക്കയറ്റം ആസന്നമായ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ ആകെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ മാസം ഉള്ളി വില കിലോവിന് 80 രൂപയായപ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന് നില്‍ക്കപ്പൊറുതിയില്ലാതായി. അവര്‍ യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയെ ചെന്നുകണ്ട് ഉള്ളിവില നിയന്ത്രിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് അഭ്യര്‍ഥിച്ചു. പ്രധാനമന്ത്രിയോട് സോണിയാ ഗാന്ധി ഉള്ളിവില നിയന്ത്രിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉള്ളിയുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിനു കാരണം വിപണിയിലെ ഉള്ളിക്ഷാമമാണെന്നാണ് മന്‍മോഹന്‍ സിംഗ് സോണിയയോട് വിശദീകരിച്ചത്. ആവശ്യക്കാര്‍ കൂടുകയും സാധനങ്ങളുടെ ലഭ്യതയില്‍ കുറവ് വരികയും ചെയ്യുമ്പോഴാണല്ലോ ബൂര്‍ഷ്വാ സാമ്പത്തിക ശാസ്ത്രമനുസരിച്ച് വിലക്കയറ്റം ഉണ്ടാകുന്നത്. ഡിമാന്‍ഡ് സപ്ലൈ തിയറി പറഞ്ഞ് ധനശാസ്ത്രജ്ഞനായ നമ്മുടെ പ്രധാനമന്ത്രി വിലക്കയറ്റം ഒഴിവാക്കാനാകാത്ത അനിവാര്യതയാണെന്ന് സമര്‍ഥിച്ചു.
ഉള്ളിവില നിയന്ത്രിക്കാന്‍ ക്ഷാമം പരിഹരിക്കണം. ഉള്ളിക്ഷാമത്തിന് കാരണം വിളവെടുപ്പിന് മുമ്പ് മഴ പെയ്തു കൃഷി നശിച്ചുപോയതാണ് എന്നായിരുന്നല്ലോ ഔദ്യോഗിക വിശദീകരണം. മഹാരാഷ്ട്രയിലെ നാസിക്കിലും കര്‍ണാടകയിലും മഴക്കെടുതിയില്‍ പെട്ട് ഉള്ളിക്കൃഷി നശിച്ചുപോയി പോലും. രാജ്യത്തിന്റെ കാലാവസ്ഥാ മാറ്റങ്ങള്‍ നിരീക്ഷിക്കാനും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും 25 മെടോളജിക്കല്‍ ഡിവിഷനുകള്‍ രൂപവത്കരിച്ചിട്ടുണ്ട്. സൂപ്പര്‍ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ഉള്ളിക്ഷാമവും വിലക്കയറ്റവും, യഥാര്‍ഥത്തില്‍ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും മൂലമാണ്. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും നിയമാനുസൃതമാക്കുകയാണ് അവധി വ്യാപാരം വഴി സര്‍ക്കാര്‍ ചെയ്തത്. വന്‍കിട അഗ്രിബിസിനസ്സ് കമ്പനികളുടെ ശീതീകരണ സംഭരണികള്‍ മഹാരാഷ്ട്രയിലും കര്‍ണാടകയിലുമെല്ലാം അവധി വ്യാപാരം വഴി ഉള്ളി വാങ്ങി സൂക്ഷിച്ചിരിക്കുകയാണ്. കൃത്രിമമായി ക്ഷാമം സൃഷ്ടിച്ച് വില കയറ്റി സാധാരണക്കാരെ കൊള്ളയടിക്കുകയാണ് രാജ്യാന്തര കാര്‍ഷിക കോര്‍പ്പറേറ്റുകള്‍. കേന്ദ്ര സര്‍ക്കാര്‍ നയപരമായി തന്നെ ഇതിനെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഈ യാഥാര്‍ഥ്യങ്ങളെല്ലാം മറച്ചുപിടിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്ത് ക്ഷാമം പരിഹരിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. അനിയന്ത്രിതമായി തുടരുമെന്നാണ് ശരത് പവാറും കെ വി തോമസും പറഞ്ഞത്. ഇറക്കുമതിയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല എന്നാണവരുടെ പക്ഷം. അതായത്, കരിഞ്ചന്തക്കാരെയും പൂഴ്ത്തിവെപ്പുകാരെയും തൊട്ടുകളിക്കാന്‍ പറ്റില്ലെന്ന്. ഇറാന്‍, ചൈന, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാമെന്നാണ് പറയുന്നത്.
ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും അധികം ഉള്ളി ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ഉള്ളിയുടെ സിംഹഭാഗവും. ആഗോള ഉള്ളി ഉത്പാദനത്തിന്റെ 19 ശതമാനവും ഇന്ത്യയിലാണ്. ഇന്ത്യയില്‍ ഉള്ളി വില കൂടുന്നതിനു പിറകിലെ കള്ളക്കളികള്‍ കേന്ദ്ര ഭരണാധികാരികള്‍ക്ക് അറിയാത്തതല്ല. ചൈനയില്‍ 24 രൂപ വിലയുള്ള ഉള്ളിയാണ് ഇന്ത്യയില്‍ വില 100 രൂപയായി ഉയര്‍ന്നിരിക്കുന്നത്. ആഗോള അഗ്രിബിസിനസ്സ് കമ്പനികളുടെ സപ്ലൈനെറ്റ്‌വര്‍ക്ക് വഴി ഇന്ത്യന്‍ കൃഷിക്കാരന്‍ ഉത്പാദിപ്പിക്കുന്ന ഉള്ളി ചുളുവിലക്ക് വിദേശവിപണികളിലേക്ക് കയറ്റുമതി ചെയ്യപ്പെടുകയാണ്. ചുളുവിലക്ക് ഇന്ത്യന്‍ ഉള്ളി കയറ്റുമതി ചെയ്യപ്പെടുകയും കൂടിയ വില നല്‍കി ഇറക്കുമതി നടത്തുകയും ചെയ്യുന്ന വിചിത്രമായ അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
ഭക്ഷ്യ ഉത്പാദന രംഗത്തെ അവധി വ്യാപാരമാണ് കാര്‍ഷിക സാധനങ്ങളുടെ ദൗര്‍ലഭ്യതക്കും വിലവര്‍ധനിവിനും കാരണമായിരിക്കുന്നത്. അവശ്യ സാധന നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ നിന്നും നിത്യോപയോഗ സാധനങ്ങളെ ഒഴിവാക്കിയതും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാനുള്ള ഫോര്‍വേഡ് കോണ്‍ട്രാക്റ്റ് ആക്ട് ഭേദഗതി ചെയ്തതുമാണ് ഇപ്പോഴത്തെ അനിയന്ത്രിതമായ വിലക്കയറ്റത്തിന് കാരണമായി തീര്‍ന്നത്. ഇറക്കുമതി ഉദാരവത്കരിച്ചതും അളവുപരമായ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതും ആഭ്യന്തര ഉത്പാദനത്തെയും സംഭരണത്തെയും താറുമാറാക്കിക്കളഞ്ഞിരിക്കുകയാണ്. വാണം പോലെ വില കുതിച്ചുയരുമ്പോഴും ഈ നയങ്ങള്‍ തിരുത്താന്‍ ഭരണാധികാരികള്‍ തയ്യാറാകുന്നില്ല. പൂഴ്ത്തിവെപ്പും അതിന്റെ ഫലമായ ക്ഷാമവും അധാര്‍മികമായ വാണിജ്യ രീതികളും തടയാന്‍ നയം തിരുത്താതെ കഴിയില്ല.
രാജ്യത്തെ ഉള്ളി വ്യാപാരത്തിന്റെ റീെട്ടയില്‍ രംഗമാകെ ഒരുപിടി വന്‍കിടക്കാരുടെ കൈകളിലാണ്. ഈ രംഗത്തെ മൊത്തവ്യാപാര ശൃംഖലയിലെ ഇടനിലക്കാരും കമ്മീഷന്‍ ഏജന്റുമാരും സംഭരണ ഉടമകളും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എജന്റുമാരും ചരക്കുകടത്ത് ഏജന്‍സികളും ഒരേ കുടുംബത്തില്‍ പെട്ടവരാണ്. വന്‍കിട കാര്‍ട്ടലുകളാണ് ഉള്ളി വ്യാപാരത്തെ നിയന്ത്രിക്കുന്നതും കൈയടക്കിവെച്ചിരിക്കുന്നതും. ഉത്പാദനത്തിന്റെ ഉപാധിയായ ഫാം മുതല്‍ ചില്ലറ വ്യാപാര രംഗം വരെ കുത്തകകളുടെ ആധിപത്യത്തിലാണ് ഇപ്പോള്‍ പെട്ടിരിക്കുന്നത്. ഈ കോര്‍പ്പറേറ്റുകള്‍ക്ക് ഭരണ രാഷ്ട്രീയ രംഗത്തെയാകെ സ്വാധീനിക്കാനും തങ്ങളുടെ താത്പര്യങ്ങള്‍ക്കായി നയരൂപവത്കരണം നടത്തിക്കാനും കഴിയുന്ന സ്ഥിതിയാണ് ഉള്ളത്.
ഉള്ളി വിലക്കയറ്റത്തിന് അധികാരം തന്നെ നഷ്ടപ്പെടുത്തേണ്ടിവന്ന അനുഭവം കേന്ദ്ര ഭരണകക്ഷിയായ കോണ്‍ഗ്രസിനുണ്ട്. 1998ല്‍ ഉള്ളി വിലക്കയറ്റമാണ് ഡല്‍ഹി സംസ്ഥാനത്ത് ബി ജെ പിക്ക് ഭരണം നഷ്ടപ്പെടുത്തിയത്. ആസന്നമായ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടുള്ള ചെപ്പടിവിദ്യകള്‍ പയറ്റി ഉള്ളിവില താത്കാലികമായി പിടിച്ചുനിര്‍ത്താനാണ് ഷീലാ ദീക്ഷിത് കേന്ദ്ര സര്‍ക്കാറിനെ നിര്‍ബന്ധിക്കുന്നത്.
ജനങ്ങളെ കബളിപ്പിച്ച് വോട്ട് ചോരാതെ നോക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അവധിവ്യാപാരവും ചെറുകിട മേഖലയിലെ വിദേശ മൂലധന നിക്ഷേപവും അധാര്‍മിക വാണിജ്യ രീതികളും മാറ്റാതെ ഉള്ളിവില നിയന്ത്രിക്കാന്‍ കഴിയില്ലെന്ന സത്യത്തെ താത്കാലിക നടപടികളിലൂടെ മറച്ചുപിടിക്കാനാണ് വാചകക്കസര്‍ത്തുകളിലൂടെ സര്‍ക്കാര്‍ നോക്കുന്നത്.

---- facebook comment plugin here -----

Latest