Connect with us

Editorial

ഇതാണോ പാര്‍ലിമെന്റ് സമിതികളുടെ ദൗത്യം?

Published

|

Last Updated

ടുജി സ്‌പെക്ട്രം അഴിമതിയെക്കുറിച്ചു അന്വേഷിച്ച സംയുക്ത പാര്‍ലിമെന്റ് സമിതി, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും പി ചിദംബരത്തെയും കുറ്റവിമുക്തരാക്കുകയെന്ന ദൗത്യം നിര്‍വഹിച്ചിരിക്കുന്നു. കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോയുടെ നേതൃത്വത്തിലുള്ള സമിതി, മുന്‍ ടെലികോം മന്ത്രിയും ഡി എം കെ നേതാവുമായ എ രാജയെ മാത്രമാണ് കുറ്റക്കാരനായി കണ്ടത്. സ്‌പെക്ട്രം ഇടപാടില്‍ രാജ്യത്തിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ നിഗമനത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന റിപ്പോര്‍ട്ട്, സി എ ജി നഷ്ടം പെരുപ്പിച്ചു കാണിച്ചു അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുകയും ലോകത്തെ ഏറ്റവും വലിയ അഴിമതി രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യയെന്ന ധാരണ സൃഷ്ടിക്കുകയും ചെയതതായി കുറ്റപ്പെടുത്തുന്നുമുണ്ട്. ബി ജെ പി, സി പി എം, സി പി ഐ, ഡി എം കെ, എ ഡി എം കെ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുടെ എതിര്‍പ്പ് അവഗണിച്ചു 11 നെതിരെ 16 വോട്ടുകള്‍ക്കാണ് റിപ്പോര്‍ട്ട് ജെ പി സി അംഗീകരിച്ചത്.
ഭരണകക്ഷികളുടെ മുഖം രക്ഷിക്കാനുള്ള ഏര്‍പ്പാടായി മാറിയിരിക്കയാണ് ജെ പി സി അന്വേഷണങ്ങളെന്ന പരാതി വ്യാപകമാണ്. അതിന് ബലം നല്‍കുന്നതാണ് 2ജി സ്‌പെക്ട്രം ജെ പി സിയുടെ അന്വേഷണ രീതിയും സ്പീക്കര്‍ മീരാകുമാറിന് ചെയര്‍മാന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും. 2011 ഫെബ്രുവരിയിലാണ് 2ജി സ്‌പെക്ട്രം അഴിമതി അന്വേഷിക്കാന്‍ പി സി ചാക്കോ ചെയര്‍മാനായി 30 അംഗ ജെ പി സി രൂപവത്കരിച്ചത്. തുടക്കത്തില്‍ 15 പേര്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ളവരായതിനാല്‍ ആദ്യത്തെ ആറ് മാസത്തോളം യോഗം വിളിക്കാതെ സമിതിയുടെ പ്രവര്‍ത്തനം ചെയര്‍മാന്‍ നീട്ടിക്കൊണ്ടു പോവുകയായിരുന്നു. ഡി എം കെ രാജ്യസഭാംഗം ടിച്ചി ശിവ വിരമിച്ചതിനെ തുടര്‍ന്ന് ഭരണ കക്ഷിക്ക് സമിതിയില്‍ ഭൂരിപക്ഷമായതോടെയാണ് യോഗം ചേര്‍ന്ന് ചര്‍ച്ച തുടങ്ങിയത്.
ജെ പി സി മുമ്പാകെ മൊഴി നല്‍കാന്‍ അനുവദിക്കണമെന്ന എ രാജയുടെ ആവശ്യം നിഷേധിച്ചതും ചെയര്‍മാന്റെ പക്ഷപാതിത്വത്തിലേക്ക് വിരല്‍ചൂണ്ടുന്നു. സ്പീക്കര്‍ മീരാ കുമാറിനെ നേരിട്ട് കണ്ടാണ് രാജ ഈ ആവശ്യമുന്നയിച്ചതും സംബന്ധിച്ച കത്ത് നല്‍കിയതും. സ്പീക്കര്‍ കത്ത് ജെ പി സിക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ സ്‌പെക്ട്രം ഇടപാടില്‍ കുറ്റക്കാരനായ രാജക്ക് നിയമസഹായത്തിന് അര്‍ഹതയുണ്ടെന്നല്ലാതെ പുതിയ വെളിപ്പെടുത്തല്‍ നടത്താന്‍ അനുവാദമില്ലെന്നായിരുന്നു പി സി ചാക്കോയുടെ നിലപാട്. രാജയെ മൊഴി നല്‍കാന്‍ അനുവദിച്ചാല്‍ പ്രധാനമന്ത്രിയെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കേണ്ടി വരുമെന്നത് കൊണ്ടാണ് അദ്ദേഹത്തിന് അവസരം നിഷേധിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രിയുടെയും പി ചിദംബരത്തിന്റെയും അനുമതി പ്രകാരമല്ലാതെ താനൊന്നും ചെയ്തിട്ടില്ലെന്ന് രാജ നേരത്തെ വെളിപ്പെടുത്തിയതുമാണ്. സ്‌പെക്ട്രം ഇടപാടിനെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം മന്‍മോഹന്‍ സംഗിനും ചിദംബരത്തിനും അറിയാമായിരുന്നുവെന്നും ഇരവരും പങ്കെടുത്ത യോഗത്തിലാണ് ലേലം ചെയ്യേണ്ടെന്ന തീരുമാനം കൈക്കൊണ്ടതെന്നും കനിമൊഴിയും പ്രത്യേക സിബിഐ കോടതിയില്‍ പറഞ്ഞിരുന്നു. യോഗത്തില്‍ രണ്ട് പേരും പങ്കെടുത്തതായി തെളിയിക്കുന്ന മിനിറ്റ്‌സും കനിമൊഴിയുടെ അഭിഭാഷകന്‍ ഹാജരാക്കിയതാണ്. ടു ജി ലൈസന്‍സ് ഫീസ് 1658 കോടി രൂപയില്‍ നിന്ന് 35,000 കോടി രൂപയായി ഉയര്‍ത്തണമെന്ന്പ്രധാനമന്ത്രിക്ക് താന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്ന് മുന്‍ ക്യാബിനറ്റ് സെക്രട്ടരി കെ എ ചന്ദ്രശേഖര്‍ ജെ പി സിയില്‍ നല്‍കിയ മൊഴിയും മന്‍മോഹന്‍സിംഗിന്റെ പങ്കിനെക്കുറിച്ച സന്ദേഹം വര്‍ധിപ്പിക്കുന്നുണ്ട്.
സി എ ജി റിപ്പോര്‍ട്ട് രാജ്യത്തെ നാണം കെടുത്തിയെന്ന് സമിതി ചെയര്‍മാന്‍ കുറ്റപ്പെടുത്തുമ്പോള്‍, സ്‌പെക്രം ഇടപാടിലെ ക്രമക്കേടുകളാണ് രാജ്യത്തിന് കളങ്കം വരിത്തിയതെന്ന സത്യം അദ്ദേഹം മനഃപൂര്‍വം വിസ്മരിക്കുകയാണ്. സി എ ജി നഷ്ടക്കണക്ക് വെളിപ്പെടുത്തിയത് ചെയര്‍മാനെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. ഖജനാവിനുള്ള നഷ്ടം കണക്കാക്കുകയല്ല ഒഡിറ്റ് റിപ്പോര്‍ട്ടിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വിമര്‍ശിക്കുകയുണ്ടായി. സ്‌പെക്ട്രം ഇടപാടില്‍ ഒരു സ്വകാര്യ പങ്കാളിക്ക് പൊതുമുതല്‍ ലഭ്യമാക്കിയതിനാല്‍ വിഷയത്തിലേക്ക് കടന്നുചെന്ന് അന്വേഷിക്കാന്‍ അധികാരമുണ്ടെന്നും, പരിധിക്കപ്പുറത്തേക്ക് തന്റെ അന്വേഷണം കടന്നിട്ടില്ലെന്നുമുള്ള സി എ ജി വിനോദ് റായിയുടെ പ്രസ്താവന ചെയര്‍മാന്റെ വിമര്‍ശനത്തിന്റെ മുനയൊടിക്കുന്നുണ്ട്. പ്രധാനമന്ത്രിക്കും ചിദംബരത്തിനും ക്ലീന്‍ ചിറ്റ് നല്‍കാന്‍ സമിതി അധ്യക്ഷന്‍ നടത്തിയ കളികള്‍ വിപരീത ഫലമാണ് ഉളവാക്കിയത്. പക്ഷപാതിത്വം വെടിഞ്ഞു സത്യസന്ധമായ അന്വേഷണത്തിലൂടെ വസ്തുത വെളിച്ചത്ത് കൊണ്ടുവരികയാണ് പാര്‍ലമെന്റ് സമിതികളുടെ കടമ. ഇത് യഥാവിധി നിര്‍വഹിക്കാനുള്ള ആര്‍ജ്ജവം അവര്‍ കാണിക്കണം. പകരം സര്‍ക്കാറിന്റെ ചട്ടുകമായി മാറുന്നത് ഇത്തരം സമിതികളിലുള്ള ജനങ്ങളുടെ വിശ്വാസക്കുറവിന് ആക്കം കൂട്ടാനേ സഹായിക്കുകയുള്ളു.