Connect with us

Kannur

ധൈര്യമുണ്ടെങ്കില്‍ തെളിവ് ഹാജരാക്കട്ടെ: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: കുറ്റിപ്പുറം നിക്ഷേപ തട്ടിപ്പ് കേസില്‍ അബ്ദുന്നൂര്‍ കോടതിയില്‍ കീഴടങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് മര്‍കസിനും ഭാരവാഹികള്‍ക്കുമെതിരെയുള്ള ആരോപണങ്ങള്‍ ശുദ്ധ അസംബന്ധവും ദുഷ്ടലാക്കോടെ കെട്ടിച്ചമച്ചതാണെന്നും മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ബിസിനസുമായി എനിക്കോ മര്‍കസിനോ യാതൊരു ബന്ധവുമില്ല. ബിസിനസില്‍ പങ്കാളിയാകാന്‍ ഞാനോ മര്‍കസോ ആരെയും പ്രേരിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല. മര്‍കസിനെ ബന്ധപ്പെടുത്തിയുള്ള ആരോപണങ്ങളില്‍ സത്യത്തിന്റെ കണിക പോലുമില്ലെന്നിരിക്കെ ഇതുസംബന്ധമായി ആരോപണമുന്നയിക്കുന്നവര്‍ തെളിവ് ഹാജരാക്കാന്‍ധൈര്യം കാണിക്കണം. അബ്ദുന്നൂര്‍ വിദേശത്തായിരുന്നുവെന്നും വ്യാജ പാസ്‌പോര്‍ട്ടുപയോഗിച്ച് യാത്ര ചെയ്‌തെന്നുമാണ് വാര്‍ത്ത. മറിച്ചെന്തെങ്കിലും വിവരമുണ്ടായിരുന്നുവെങ്കില്‍ ആരോപണ കര്‍ത്താക്കള്‍ അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. മര്‍കസിന്റെയും എന്റെയും പ്രവര്‍ത്തനം സുതാര്യവും സദുദ്ദേശ്യപരവുമാണ്. വ്യക്തി തേജോവധവും വ്യക്തി വിദ്വേഷവും കൊണ്ടുനടക്കുന്ന, പ്രസ്താവനകളില്‍ മാത്രം ജീവിക്കുന്ന ഒരു സംഘടനയുടെയും ചില നേതാക്കളെയുടെയും അധര വ്യായാമം മാത്രമായേ ആരോപണങ്ങളെ കാണുന്നുള്ളൂവെന്നും കാന്തപുരം പ്രസ്താവനയില്‍ പറഞ്ഞു.