Connect with us

Kannur

കരുത്ത് തെളിയിച്ച് സുന്നി ആദര്‍ശ സമ്മേളനം

Published

|

Last Updated

കണ്ണൂര്‍: കുപ്രചരണങ്ങളും അതിക്രമങ്ങളും ആദര്‍ശ പോരാട്ടത്തിന് തടസ്സമല്ലെന്ന് തെളിയിച്ച് കണ്ണൂരില്‍ സുന്നി ആദര്‍ശ സമ്മേളനം. പതിനായിരങ്ങള്‍ അണിനിരന്ന എസ് വൈ എസ് ആദര്‍ശ സമ്മേളനം പുത്തനാശയക്കാര്‍ക്കും ചേളാരി സമസ്തക്കാര്‍ക്കും താക്കീതായി. സമസ്തയുടെ പേര് പറഞ്ഞ് വിശ്വാസത്തെയും വിശ്വാസികളെയും കളങ്കപ്പെടുത്താനുള്ള നീക്കത്തെ ഒറ്റപ്പെടുത്തണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.
അക്രമവും ഭീകരതയും ആദര്‍ശമായി സ്വീകരിച്ച ചേളാരി വിഭാഗവും ഇസ്‌ലാമിക ആശയങ്ങളെ വികൃതമാക്കുകയും യഥാര്‍ഥ വിശ്വാസികളെയും മതചിഹ്നങ്ങളെയും തള്ളിപറയുകയും ചെയ്യുന്ന ഉത്പതിഷ്ണു വിഭാഗവും പ്രതിനിധാനം ചെയ്യുന്നതല്ല ഇസ്‌ലാമെന്ന് സമ്മേളനം പ്രഖ്യാപിച്ചു. സമസ്തയുടെ സ്ഥാപിത ലക്ഷ്യത്തില്‍ നിന്നും സമൂഹത്തെ വഴിതെറ്റിക്കുന്ന പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും നടത്തുന്ന ചേളാരി വിഭാഗത്തിന് സമസ്തയുടെ പേര് ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലെന്ന് സമ്മേളനം പ്രഖ്യാപിച്ചു.
സമ്മേളന നഗരിയായ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയര്‍ വൈകുന്നേരം നാല് മണിയോടെ തന്നെ ശുഭ്രസാഗരമായി മാറിയിരുന്നു. അഹ്‌ലുസുന്നയുടെ ആശയങ്ങള്‍ക്ക് വിള്ളല്‍ വീഴ്ത്താമെന്ന ചില കുത്സിതക്കാരുടെ ധാരണകളെയാകെ തകര്‍ത്തെറിയുന്നതായിരുന്നു ടൗണ്‍ സ്‌ക്വയറിലെ ശുഭ്രസാഗരം. ആത്മീയ കേരളത്തിന്റെ നായകരുടെ വാക്കുകള്‍ ഈ കരുത്തിന് ആവേശവും പകര്‍ന്നു.
സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെയായിരുന്നു സമ്മേളന പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി.
സമസ്ത കണ്ണൂര്‍ ജില്ലാ ജന. സെക്രട്ടറി ചാലാട് അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന. സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഫയാസ് അഹ്മദ് ബംഗളൂരു, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, കടവത്തൂര്‍ അശ്‌റഫ് സഖാഫി, കെ എം അബ്ദുല്ലക്കുട്ടി ബാഖവി പ്രസംഗിച്ചു.
സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, സി കെ ഉസ്മാന്‍ മുസ്‌ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, സുലൈമാന്‍ സഖാഫി കുഞ്ഞുംകുളം, പ്രൊഫ. യു സി അബ്ദുല്‍ മജീദ്, കെ പി കമലുദ്ദീന്‍ മുസ്‌ലിയാര്‍, കെ എ മുഹമ്മദലി ഹാജി, വി കെ അസ്സെ ഹാജി, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, ഫൈളുറഹ്മാന്‍ ഇര്‍ഫാനി സംബന്ധിച്ചു.