Connect with us

Kozhikode

താമരശ്ശേരിയില്‍ രണ്ട് അപകടങ്ങളില്‍ ഒരാള്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരുക്ക്‌

Published

|

Last Updated

താമരശ്ശേരി: പാര്‍സല്‍ വാന്‍ ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. നിയന്ത്രണം വിട്ട പാര്‍സല്‍വാന്‍ ഇടിച്ച് രണ്ട് വൈദ്യുത പോസ്റ്റുകളും നിര്‍ത്തിയിട്ട കാറും തകര്‍ന്നു. ദേശീയപാതയില്‍ താഴെ പരപ്പന്‍പൊയിലില്‍ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം. താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന പാര്‍സല്‍ വാന്‍ കാല്‍നട യാത്രക്കാരനെ വെട്ടിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. സാരമായി പരുക്കേറ്റ പരപ്പന്‍പൊയില്‍ ആലിമുക്ക് വെളുപ്പാലില്‍ ഹാരിസ് (38) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ വെച്ച് മരിച്ചത്. വാന്‍ ഡ്രൈവര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. രണ്ട് വൈദ്യുത പോസ്റ്റുകളും വൈദ്യുതി ലൈനുകളും നിലംപൊത്തി. പെട്രോള്‍ പമ്പിന് മുന്‍വശത്തെ വര്‍ക്ക്‌ഷോപ്പില്‍ നിര്‍ത്തിയിട്ട കാറിന്റെ പിന്‍ഭാഗവും തകര്‍ന്നു. നാട്ടുകാരും താമരശ്ശേരി പോലീസും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
ദേശീയപാത പരപ്പന്‍പൊയിലില്‍ കാറ് ഓട്ടോയിലിടിച്ച് നാല് പേര്‍ക്ക് പരുക്ക്. ഓട്ടോ ഡ്രൈവര്‍ കൊടുവള്ളി കരുവന്‍പൊയില്‍ മുയല്‍വീട്ടില്‍ അബ്ദുസ്സലീം (37), യാത്രക്കാരായ വാവാട് തെക്കേ ഇടക്കുഴി അബ്ദുല്‍ ഗനിയുടെ ഭാര്യ സമീന (32), പരപ്പന്‍പൊയില്‍ കരുണിചാലില്‍ രാജന്റെ ഭാര്യ വസന്ത(45), സഹോദരി കുറ്റിയാടി വടയം തേരന്‍കോട്ടുമ്മല്‍ പരേതനായ ബാലന്റെ ഭാര്യ വിലാസിനി (50) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീനയുടെയും വിലാസിനിയുടെയും പരുക്ക് ഗുരതരമാണ്. കോഴിക്കോട് ബംഗളൂരു ദേശീയ പാതയില്‍ പരപ്പന്‍പൊയില്‍ അങ്ങാടിക്ക് സമീപം ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. കൊടുവള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോയില്‍ എതിരെ വന്ന കാറ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാധത്തില്‍ ഓട്ടോ ഡ്രൈവര്‍ റോഡിലേക്ക് തെറിച്ചുവീണു. തകര്‍ന്ന ഓട്ടോക്കുള്ളില്‍ അകപ്പെട്ട യാത്രക്കാരെ ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കാറ് തെറ്റായ ദിശയിലൂടെ പ്രവേശിച്ചതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു.

Latest