Connect with us

International

ഹോങ്കോംഗില്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ മോചിപ്പിച്ചു

Published

|

Last Updated

ഹോങ്കോംഗ്: തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരുന്ന മൂന്ന് ഇന്ത്യന്‍ വ്യാപാരികളെ ഹോങ്കോംഗില്‍ മോചിപ്പിച്ചു. വ്യാപാരാവാശ്യത്തിനായി ഹോങ്കോംഗിലെത്തിയ മൂന്ന് ഇന്ത്യക്കാരെയാണ് ആയുധധാരികളായ സംഘം തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് മൂവര്‍ സംഘം ഹോങ്കോംഗിലെത്തിയത്. പിറ്റേ ദിവസമാണ് ഇവരെ ദക്ഷിണേഷ്യക്കാരായ ആറംഗ സംഘം കടത്തിക്കൊണ്ടു പോയത്. പിന്നീടുള്ള മൂന്ന് ദിവസങ്ങളില്‍ ഇവരെ ഷെംഗ് ഷൂയി ജില്ലയിലെ ഉള്‍നാടന്‍ പ്രദേശത്താണ് സംഘം പാര്‍പ്പിച്ചത്.
ഇന്ത്യക്കാരെ വിട്ടുകിട്ടാന്‍ ഏതാണ്ട് 25 ലക്ഷം രൂപ ലഭിക്കണമെന്ന് സംഘം ബന്ധുക്കളെ അറിയിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഹോങ്കോംഗ് പോലീസ് ഇന്ത്യന്‍ അധികൃതരുടെ സഹായം ആവശ്യപ്പെട്ടിരുന്നു. സംഘാംഗങ്ങളെന്ന് കരുതപ്പെടുന്ന 27കാരനായ ഇന്ത്യന്‍ വംശജനെ ഹോങ്കോംഗില്‍ വെച്ചും 28കാരനായ മറ്റൊരു അംഗത്തെ ഇന്ത്യയില്‍ വെച്ചും പോലീസ് പിടികൂടി. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോയതും മൂവരെയും വിട്ടയച്ചതും സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചതായി ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, മറ്റ് വിവരങ്ങളൊന്നുമില്ലെന്നും അധികൃതര്‍ അറിയിച്ചു. ഭൂമി സംബന്ധമായ കച്ചവടത്തിനായാണ് ഇന്ത്യന്‍ വ്യാപാരികള്‍ ഹോങ്കോംഗിലെത്തിയതെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര ഇടപെടലിലൂടെയാണ് മൂവരെയും ഇപ്പോള്‍ മോചിപ്പിച്ചത്.