Connect with us

International

യു എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 2,227 പേര്‍

Published

|

Last Updated

ഇസ്‌ലാമാബാദ്: രാജ്യത്ത് അമേരിക്കന്‍ സൈന്യം നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങളില്‍ 2,227 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പാക്കിസ്ഥാന്‍. 2008 മുതല്‍ 317 ആക്രമണങ്ങളിലായിട്ടാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. ഡ്രോണ്‍ ആക്രമണത്തിന്റെ നിയമ വശങ്ങളെ കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടയാണ് പാക്കിസ്ഥാന്റെ വെളിപ്പെടുത്തല്‍. ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ ആണ് ഇക്കാര്യം പാര്‍ലിമെന്റില്‍ അറിയിച്ചത്.
വടക്കന്‍ വസീറിസ്ഥാനിലെ ഗോത്രമേഖലയിലെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും ഇരകളുമായി യു എസ് കോണ്‍ഗ്രസിലെ അംഗങ്ങള്‍ ചര്‍ച്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് പാക്കിസ്ഥാന്‍ പാര്‍ലിമെന്റില്‍ ഇത്തരത്തില്‍ കണക്ക് അവതരിപ്പിക്കുന്നത്.
ഡ്രോണ്‍ ആക്രമണത്തില്‍ മാതാവ് മരിച്ച സ്‌കൂള്‍ അധ്യാപകനും വാഷിംഗ്ടണിലെത്തിയ പാക് സംഘത്തിന്റെ നേതാവുമായ റഫീഖ് റഹ്മാന്‍ ആക്രമണം നിര്‍ത്തിവെക്കാന്‍ യു എസ് കോണ്‍ഗ്രസില്‍ നിര്‍ബന്ധിച്ചിരുന്നു. അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഉയര്‍ന്ന തോതില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഡ്രോണ്‍ ആക്രമണ ഇരകളുമായി ചര്‍ച്ച നടത്താന്‍ യു എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ തീരുമാനിച്ചത്. പാക്കിസ്ഥാനില്‍ നടന്ന പല ആക്രമണങ്ങളും യുദ്ധക്കുറ്റമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 23ന് വൈറ്റ് ഹൗസില്‍ വെച്ച് ഡ്രോണ്‍ ആക്രമണത്തെ കുറിച്ച് ബരാക് ഒബാമയുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇതേ കുറിച്ച് മൗനം പാലിക്കുകയാണ് ഒബാമ ചെയ്തത്.
വിവിധ ആക്രമണങ്ങളിലും ഏറ്റുമുട്ടലുകളിലുമായി 2002 മുതല്‍ 12,0404 പേര്‍ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 13,223 പേര്‍ക്ക് ശിക്ഷ നല്‍കിയിട്ടുണ്ട്. 501 പേരെ തൂക്കിലേറ്റുകയും ചെയ്തതായി ആഭ്യന്തര മന്ത്രി പറഞ്ഞു.

 

Latest