Connect with us

Wayanad

കാരാപ്പുഴ പദ്ധതി: 65ഓളം കുടുംബങ്ങള്‍ ദുരിതത്തില്‍

Published

|

Last Updated

കല്‍പറ്റ: കാരാപ്പുഴ പദ്ധതിക്കായി വീടും സ്ഥലവും വിട്ടുകൊടുത്ത 65 കുടുംബങ്ങള്‍ക്ക് പത്ത് വര്‍ഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം കിട്ടിയില്ല.
ഒരു മാസത്തിനുള്ളില്‍ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന അധികൃതരുടെ ഉറപ്പു വിശ്വസിച്ച് പിറന്ന മണ്ണും വീടും ഉപേക്ഷിച്ച 65ഓളം കുടുംബങ്ങളാണ് ഇപ്പോള്‍ ദുരിതത്തിന്റെ നടുക്കയത്തിലായത്. തോമസ് ഉണ്ണിയാടന്‍ എം എല്‍ എ ചെയര്‍മാനായ നിയമസഭയുടെ ഹരജികള്‍ സംബന്ധിച്ച സമിതിക്ക് മുന്നില്‍ ഈ കുടുംബങ്ങളുടെ പ്രതിനിധികള്‍ തങ്ങളുടെ കഷ്ടപ്പാട് വിവരിച്ചു. കഴിഞ്ഞ വര്‍ഷം ഹരജികള്‍ സംബന്ധിച്ച നിയമസഭാ സമിതിക്ക് ജില്ലാ കലക്ടര്‍ കൊടുത്ത ഉറപ്പുപോലും ഇതുവരെ പാലിച്ചിട്ടില്ലെന്നു ബോധ്യപ്പെട്ട സമിതി ഇക്കാര്യത്തില്‍ റവന്യൂവകുപ്പിന്റെ നിരുത്തരവാദിത്വത്തെ വിമര്‍ശിച്ചു.
നെല്ലാറച്ചാല്‍, നടുവീട് കുറുമ കോളനി, മലയച്ചംകൊല്ലി, മുരണി എന്നിവിടങ്ങളിലെ കുടുംബങ്ങളാണ് അധികൃതരുടെ അനാസ്ഥമൂലം കണ്ണീര് കുടിക്കുന്നത്. കാരാപ്പുഴ പദ്ധതിക്കായി ഇവരുടെ ഭൂമി ഏറ്റെടുക്കാന്‍ ഫോര്‍ വണ്‍ വിജ്ഞാപനം പുറപ്പെടുവിച്ചത് 2003ലായിരുന്നു. തുടര്‍ന്ന് കൈവശഭൂമിയിലെ വീടിന്റെയും ദേഹണ്ഡങ്ങളുടെയും കണക്കെടുത്തു. 2004 ഏപ്രില്‍ മാസത്തോടെ എല്ലാവരും ഭൂമിയും വീടും ഒഴിഞ്ഞു. തൊട്ടടുത്ത മാസം തന്നെ നഷ്ടപരിഹാരം നല്‍കുമെന്ന അധികൃതരുടെ ഉറപ്പു വിശ്വസിച്ചാണ് വെള്ളം കയറുന്ന പ്രദേശത്തുനിന്ന് ഇവര്‍ ഒഴിഞ്ഞത്. സര്‍ക്കാരില്‍ നിന്നുള്ള നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ കൃഷിഭൂമി മറ്റെവിടെയും വാങ്ങാനും കഴിഞ്ഞില്ല. അധികൃതര്‍ വാക്കുപാലിക്കാതെ വന്നപ്പോള്‍ താലൂക്ക് ഓഫിസ് മുതല്‍ സെക്രട്ടേറിയറ്റ് വരെ പലവട്ടം കയറിയിറങ്ങി. എന്നിട്ടും ഫലമൊന്നും ഉണ്ടായില്ല.
ജലസേചന-റവന്യൂ മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും അടക്കം കൊടുത്ത പരാതികളും ചുവപ്പുനാടയില്‍ കുരുങ്ങി. കഴിഞ്ഞ വര്‍ഷം നിയമസഭയുടെ ഹരജികള്‍ സംബന്ധിച്ച സമിതി നടത്തിയ സിറ്റിങില്‍ ഈ പരാതി പരിഗണിച്ചപ്പോള്‍ ആറു മാസത്തിനകം നഷ്ടപരിഹാരം വിതരണം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പു കൊടുത്തതാണ്. എന്നാല്‍, ഈ ഉറപ്പ് പാലിക്കപ്പെടാതെ വീണ്ടും കബളിപ്പിക്കുകയായിരുന്നുവെന്ന് സമിതിക്ക് ബോധ്യപ്പെട്ടു. നേരത്തെ ഇറക്കിയ ഫോര്‍ വണ്‍ വിജ്ഞാപനത്തില്‍ പോരായ്മകള്‍ ചൂണ്ടിക്കാട്ടി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.എ. ഡപ്യൂട്ടി കലക്ടര്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് ഇക്കൊല്ലം ഫെബ്രുവരിയില്‍ ശുപാര്‍ശ അയച്ചെങ്കിലും ഇതുവരെ അനുമതിയായില്ലെന്ന് ബന്ധപ്പെട്ട തഹസില്‍ദാര്‍ സമിതിയെ അറിയിച്ചു. ഇതു വളരെ ക്രൂരവും മനുഷ്യത്വരഹിതവുമെന്നാണ് സമിതി അഭിപ്രായപ്പെട്ടത്.