Connect with us

Palakkad

പണി പൂര്‍ത്തിയാകാതെ പട്ടാമ്പി-പുലാമന്തോള്‍ സംസ്ഥാന പാത

Published

|

Last Updated

പട്ടാമ്പി: കരാര്‍ കാലാവധി തീരുമ്പോഴും പണി പൂര്‍ത്തിയാകാതെ പട്ടാമ്പി- പുലാമന്തോള്‍ സംസ്ഥാന പാത. 9.70 കോടി രൂപ ചെലവിട്ട് കഴിഞ്ഞ വര്‍ഷം തുടങ്ങിയ റോഡ് നവീകരണം പാതിവഴിയില്‍ മുടങ്ങി.
ബി എം , ബി സി വര്‍ക്കില്‍ ആദ്യഘട്ടമാണ് പൂര്‍ത്തിയായത്. ശരാശരി ഒരു കിലോ മീറ്ററിന് ഒരു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി വലിയ പ്രതീക്ഷയോടെയായിരുന്നു കണ്ടത്. ആദ്യഘട്ടം പൂര്‍ത്തിയായ ഉടന്‍ റോഡ് പലഭാഗത്തും തകര്‍ന്നു. നാട്ടുകാരുടെയും വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് കരാറുകാരന്‍ ഓട്ടടയക്കല്‍ നടത്തിയെങ്കിലും അതും തകര്‍ന്ന നിലയിലാണ്.
വിളയൂര്‍, കരിങ്ങനാട് കുണ്ട്, ആമയൂര്‍, രണ്ടാം മൈല്‍, ശങ്കരമംഗലം ഭാഗങ്ങളിലാണ് വന്‍ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത് തുടങ്ങിയ പണി പൂര്‍ത്തിയാക്കാതെ കരാറുകാരന്‍ മുങ്ങിയെന്നാണ് പരാതി. മഴമാറിയാല്‍ രണ്ടാം ഘട്ടം പണി തുടരുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. പട്ടാമ്പി- പെരുമ്പിലാവ് റോഡ് 45 കോടിക്ക് റബറൈസ്ഡ് പണി പൂര്‍ത്തിയായെങ്കിലും പുലാമന്തോള്‍ വരെയുള്ള ഭാഗം തകര്‍ന്ന നിലയിലാണ്.
അഴുക്ക് ചാലുകള്‍ വൃത്തിയാക്കാനും ഓവു പാലങ്ങള്‍ നവീകരിക്കാനും തുക വകയിരുത്തിയിരുന്നു. പ്രധാന ടൗണുകളില്‍ റോഡ് വീതി കൂട്ടാനും പദ്ധതിയുണ്ട്. എന്നാല്‍ പാതയില്‍ 15 ഓളം ഓവു പാലങ്ങളും കലുങ്കുകളും ഇനിയും നന്നാക്കിയില്ല. വെള്ളം ഒഴുകിപ്പോകാന്‍ സംവിധാനമില്ല. കല്ലേപ്പുള്ളി, തൃത്താല, കൊപ്പം പാലങ്ങള്‍ തകര്‍ന്ന നിലയിലുമാണ്. കൈവരികള്‍ തകര്‍ന്ന് പാലത്തിന്റെ ഒരു ഭാഗം തോടിലേക്ക് ചാഞ്ഞ് നില്‍ക്കുന്നത് വലിയ അപകട സാധ്യതയുണ്ടാക്കുന്നു.
ആമയൂര്‍ റോഡ് ‘ാഗത്ത് അപായ ബോര്‍ഡ് സ്ഥാപിക്കാനും നടപടിയുണ്ടായില്ല. ഇവിടെ അപകടങ്ങള്‍ പതിവാണ്. സിഗ്നലുകളും സീബ്രാ ലൈനുകളുമില്ല. വൈദ്യുതി പോസ്റ്റുകള്‍ ഇപ്പോഴും നടുറോഡിലാണ്. കൊപ്പം ടൗണില്‍ അഞ്ച് പ്രധാന കലുങ്കുകളുണ്ട്. അവ നന്നാക്കാനും ശ്രമങ്ങളുണ്ടായില്ല. ടൗണില്‍ ഓവു പാലത്തിനായി പെരിന്തല്‍മണ്ണ റോഡില്‍ പൊളിച്ചിട്ട കുഴിയില്‍ വീണ് യാത്രക്കാര്‍ക്ക് പരുക്ക് പറ്റുന്നുണ്ട്.
വാഹനങ്ങളും ഭീതിയോടെയാണ് കടന്നു പോകുന്നത്. ഉദ്ഘാടന ദിവസം രണ്ട് വര്‍ഷത്തിനകം റോഡ് പണി തീര്‍ക്കുമെന്നാണ് അറിയിച്ചിരുന്നത്. കരാര്‍ പ്രകാരം അടുത്ത മാസത്തോടെ കാലാവധി തീരും. റോഡ് പണിയിലെ കള്ളക്കളി വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് സി പി മുഹമ്മദ് എം എല്‍ എ അറിയിച്ചിരുന്നു.

Latest