Connect with us

Malappuram

മൂന്ന് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം എടപ്പറ്റ സ്വദേശികള്‍ നാട്ടിലെത്തി

Published

|

Last Updated

മേലാറ്റൂര്‍: വ്യാജ ഫിങ്കര്‍ പ്രന്റ് കേസില്‍ അകപ്പെട്ട് മൂന്ന് വര്‍ഷത്തോളമായി സഊദി അറേബ്യയിലെ വിവിധ ജയിലുകളില്‍ കഴിയുകയായിരുന്ന എടപ്പറ്റ കൊമ്പക്കല്ല് സ്വദേശികളുമായ രണ്ട് യുവാക്കള്‍ക്ക് മോചനം, കൊമ്പം കല്ല് ആലുംകുന്നില ചോലശ്ശേരി മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ മജീദ് (40), കാഞ്ഞിരങ്ങാടന്‍ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് ജംഷീര്‍ (25) എന്നിവരാണ് കഴിഞ്ഞ ദിവസം ജയില്‍ മോചിതരായി നാട്ടിലേക്ക് തിരിച്ചത്.
2005 സെപ്തംബറില്‍ ഉംറ വിസയില്‍ സഊദിയിലെത്തിയ ഇരുവരും 2010 നവംബറില്‍ നാട്ടിലേക്ക് തിരിച്ചു പോരുന്നതിനായി ജിദ്ദ വിമാനത്താവളത്തിലെത്തിയപ്പോഴാണ് പിടിയിലായത്. ഏജന്റുമാരുടെ നിര്‍ദേശ പ്രകാരം വ്യാജ ഫിങ്കര്‍ പ്രിന്റ് നല്‍കി സഊദി വിടാനൊരുങ്ങിയതാണ് ഇരുവര്‍ക്കും വിനയായത്. സഊദി സ്വദേശികളായ രണ്ട് പോലീസുകാരും പാക്കിസ്ഥാനി ഏജന്റും മറ്റൊരു പാക്കിസ്ഥാനിയും രണ്ട് മലയാളികളും ഇവരോടൊപ്പം അന്ന് പിടിയിലായിരുന്നു. ഇവരില്‍ ചിലര്‍ ശിക്ഷാ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നും പിഴ അടച്ചും ജയില്‍ മോചിതരായെങ്കിലും മജീദും ജംഷീറും കഴിഞ്ഞ മൂന്ന് വര്‍ഷമായി സഊദി അറേബ്യയിലെ വിവിധ ജയിലുകളില്‍ പുറംലോകം കാണാനാവാതെ കഴിയുകയായിരുന്നു.
വൃദ്ധരായ മാതാപിതാക്കളുള്ള മജീദിന് ഭാര്യയും രണ്ട് പെണ്‍മക്കളുമടക്കം മൂന്ന് കുട്ടികളുണ്ട്. നിര്‍ധനരായ കാഞ്ഞരങ്ങാടന്‍ അബ്ദുല്ല-ആസ്യ ദമ്പതികളുടെ നാല് മക്കളിലെ ഏക മകനാണ് ജംഷീര്‍. ജിദ്ദയില്‍ ജോലി ചെയ്യുന്ന മജീദിന്റെ അനുജന്‍ സൈനുദ്ദീന്‍ ജ്യേഷ്ഠന്റെയും സുഹൃത്തിന്റേയും ബുദ്ധിമുട്ട് സ്‌പോണ്‍സറെ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് അദ്ദേഹം ഇടപ്പെട്ടാണ് ഇരുവരെയും മോചിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചത്.