Connect with us

Malappuram

കുന്നിടിച്ച് മണ്ണെടുക്കുന്നത് തടഞ്ഞ ഉദ്യോഗസ്ഥര്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും മര്‍ദനം

Published

|

Last Updated

എടപ്പാള്‍: വട്ടംകുളം കുറ്റിപ്പാലയില്‍ അനധികൃതമായി കുന്നിടിച്ച് മണ്ണെടുക്കുന്നത് തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും മണ്ണ് മാഫിയസംഘം അക്രമിച്ചു. അക്രമത്തില്‍ പരുക്കേറ്റ പരിസ്ഥിതി പ്രവര്‍ത്തകരായ അണ്ണക്കമ്പാട് സ്വദേശി രഞ്ജു (29), മനീഷ് കുറ്റിപ്പാല (32) എന്നിവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ നിന്നും മണ്ണെടുത്തുകൊണ്ടിരിക്കുന്നത് അറിഞ്ഞ പരിസ്ഥിതി പ്രവര്‍ത്തകര്‍ വട്ടംകുളം വില്ലേജ് ഓഫീസറെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് വില്ലേജ് ഓഫീസര്‍ ജി ഹരീഷ്‌കുമാര്‍, ക്ലാര്‍ക്ക് ദാസ് കുറ്റിപ്പാല എന്നിവരോടൊത്ത് പരിസ്ഥിതി പ്രവര്‍ത്തകര്‍ സംഭവ സ്ഥലത്ത് എത്തിയത്.
ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതോടെ മണ്ണ് മാഫിയ സംഘം ഹരീഷ്‌കുമാറിനെയും ക്ലാര്‍ക്ക് ദാസനെയും തട്ടിമാറ്റി ടിപ്പര്‍ ലോറികളും എസ്‌കവേറ്ററുകളും കൊണ്ടുപോവുകയായിരുന്നു. പിന്നീടാണ് പരിസ്ഥിതി പ്രവര്‍ത്തകരായ രഞ്ജുവിനെയും മനീഷിനെയും മര്‍ദിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചങ്ങരംകുളം പോലീസ് അക്രമികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരാഴ്ച മുമ്പാണ് ടിപ്പര്‍ എസ്‌കവേറ്റര്‍ ഉടമകള്‍ എടപ്പാളില്‍ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തത്.
ടിപ്പര്‍ ആന്‍ഡ് എര്‍ത്ത് മൂവേഴ്‌സ് സമിതി എന്ന പേരില്‍ ജില്ലാടിസ്ഥാനത്തില്‍ മണ്ണ് മാഫിയകളുടെ സംഘടനക്ക് രൂപം നല്‍കിയത്.
സംഘടനാ സംരക്ഷണത്തിന്റെ ഭാഗമായാണ് മണ്ണ് മാഫിയ തങ്ങളെ അക്രമിച്ചതെന്നാണ് പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.