Connect with us

Malappuram

നാട്ടുകാര്‍ നിര്‍മിച്ച മൈതാനം നശിക്കുന്നു

Published

|

Last Updated

കാളികാവ്: നാട്ടുകാര്‍ വിയര്‍പ്പൊഴുക്കി ലക്ഷങ്ങള്‍ ചിലവഴിച്ച മൈതാനും ഉപയോഗ ശൂന്യമായി. അഞ്ചച്ചവിടി ജി എച് എസ് ന് വേണ്ടി മൂന്ന് വര്‍ഷംമുമ്പ് നാട്ടുകാര്‍ വിലകൊടുത്ത് വാങ്ങിയ മൈതാനമാണ് വെള്ളക്കെട്ടുകളും കാടും മൂടി നശിക്കുന്നത്. അഞ്ചച്ചവിടിയില്‍ ഹൈസ്‌കൂള്‍ അനുവദിക്കുന്നതിന് മൈതാനം അത്യാവശ്യമാണെന്ന് വന്നപ്പോള്‍ നാട്ടുകാരും പ്രവാസികളും കഠിനാധ്വാനം ചെയ്താണ് ഗ്രൗണ്ടിന് പണം കണ്ടെത്തിയത്. ഇരുപത് ലക്ഷം രൂപ മുടക്കിയാണ് അഞ്ചച്ചവിടിക്കാര്‍ ഗ്രൗണ്ട് സ്വന്തമാക്കിയത്. അഞ്ചച്ചവിടി സ്‌കൂളിന് കളിസ്ഥലം വാങ്ങിയത് പ്രദേശത്തെ കാല്‍പന്തുകളിക്കാരേയും ഏറെ ആഹ്ലാദത്തിലാക്കിയിരുന്നു.
കിഴക്കനേറനാട്ടിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായിരുന്ന അഞ്ചച്ചവിടിയിലെ നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലെ അംഗങ്ങള്‍ക്ക് കാല്‍പന്തുകളിയിലെ പഴയ പ്രതാപം തിരിച്ചുപിടിക്കാനും ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകള്‍ ഉള്‍പ്പടെ സംഘടിപ്പിക്കുന്നതിനും മൈതാനം പ്രയോജനപ്പെടുമെന്നായിരുന്നു പ്രതീക്ഷ.
എന്നാല്‍ ഇപ്പോള്‍ മൈതാനത്തിന്റെ സ്ഥിതി വളരേ ശോചനീയമാണ്. മൈതാനത്തിന്റെ വശങ്ങളില്‍ പാര്‍ശ്വഭിത്തി കെട്ടി മണ്ണ് നികത്താനാണ് ഉദ്ദേശിച്ചിരുന്നത്. ഇതിനായി സ്‌കൂള്‍ അതികൃതരും നാട്ടുകാരും വിദ്യാഭ്യാസ മന്ത്രിക്കും സ്‌പോര്‍ട്‌സ് മന്ത്രിക്കും നിവേദനം നല്‍കിയിട്ടുമുണ്ട്.
എം എല്‍ എ ഫണ്ടില്‍ നിന്ന് അനുവദിച്ച 5 ലക്ഷം രൂപ കൊണ്ട് ഗ്രൗണ്ട് പുനരുദ്ധാരണപ്രവൃത്തിക്ക് തികയില്ല. സര്‍ക്കാറില്‍ നിന്ന് 25 ലക്ഷം രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമേ മൈതാനം ഉപയോഗപ്പെടുത്താനാകൂ.