Connect with us

Kannur

മുഖ്യമന്ത്രിക്ക് കല്ലേറ്; 23 പേര്‍ കൂടി റിമാന്‍ഡില്‍

Published

|

Last Updated

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നേരെ കണ്ണൂരില്‍ നടന്ന വധശ്രമക്കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഐ ജി. സുരേഷ് രാജ് പുരോഹിതിന്റെ നിര്‍ദേശപ്രകാരം തളിപ്പറമ്പ് ഡി വൈ എസ് പി. പി കെ സുദര്‍ശന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപവത്കരിച്ചത്. ഇരിട്ടി ഡി വൈ എസ് പി. പ്രദീപ്കുമാര്‍, സി ഐ മാരായ കെ വിനോദ്കുമാര്‍, ജോഷി ജോസ്, ജയന്‍ ഡൊമിനിക്, അബ്ദുര്‍റഹീം, കെ വി വേണുഗോപാല്‍ എന്നിവരും സംഘത്തിലുണ്ട്. എസ് ഐ, എ എസ് ഐ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ദാമോദരന്‍, കെ ശശി, ടി ദിനേശ്, എം പി പീതാംബരന്‍, ഇ പി യോഗേഷ്, കെ കെ ദീപക് കുമാര്‍, കെ രാജീവന്‍, എം മനോജ് കുമാര്‍ എന്നിവരും അംഗങ്ങളാണ്.
അന്വേഷണ സംഘാംഗങ്ങള്‍ പ്രത്യേക സ്‌ക്വാഡുകളായി തിരിഞ്ഞാണ് പ്രവര്‍ത്തിക്കുക. പ്രതികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവരായതിനാല്‍ വ്യത്യസ്ത മേഖലകളിലുള്ള പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്. ജില്ലയുടെ വ്യത്യസ്ത ഭാഗങ്ങളിലുള്ള പ്രതികളെ എത്രയും പെട്ടെന്ന് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാന്‍ ഐ ജി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ മുഖ്യമന്ത്രിക്ക് നേരെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് 23 ഇടതുമുന്നണി പ്രവര്‍ത്തകരെ കൂടി അറസ്റ്റ് ചെയ്തു. ചാലാട് അമ്പലവയല്‍ യൂനിറ്റ് പ്രസിഡന്റ് സ്മിത ക്വാര്‍ട്ടേഴ്‌സില്‍ പൂത്തട്ട അരുണ്‍ (23), പള്ളിക്കുളത്തെ െ്രെഡവര്‍ തൈക്കണ്ടി വീട്ടില്‍ സുരേന്ദ്രന്‍ (42), താഴെ ചൊവ്വ കിഴുത്തളളി ബ്രാഞ്ച് സി പി എം സെക്രട്ടറി കൈനാട്ട് ലൈനില്‍ കാട്ടുകാമ്പല്‍ ശ്രീജിത്ത് (41), താഴെ ചൊവ്വ എരുമക്കുടിയിലെ എം ബൈജു (32), താഴെ ചൊവ്വ ബിസ്മില്ലാ ഹൗസില്‍ എം കെ ഷാഫി(40), കൊറ്റാളി ഡിസ്‌പെന്‍സറിക്കു സമീപത്തെ പി പി രൂപേഷ് (35), കണ്ണൂര്‍ സര്‍വകലാശാലാ അധ്യാപകന്‍ കയരറം ഒറപ്പടിയിലെ കോമത്ത് രാഹുലന്‍ (30), മുല്ലക്കൊടിയിലെ മണല്‍വാരല്‍ തൊഴിലാളി കല്ലേന്‍ സോമന്‍(45), കള്ളുചെത്ത് വ്യവസായ സഹകരണ സംഘം ജീവനക്കാരന്‍ നിടവാലൂരിലെ ഗോപിനാഥന്‍, ജില്ലാ സഹകരണ ബേങ്ക് തളിപ്പറമ്പ് ശാഖാ ജീവനക്കാരന്‍ മൊറാഴയിലെ സി എന്‍ മോഹനന്‍, രാമന്തളിയിലെ ബേങ്ക് ജീവനക്കാരന്‍ പടിഞ്ഞാറെ വീട്ടില്‍ സന്തോഷ് (32) പെരളശേരി ഗ്രാമപഞ്ചായത്ത് വടക്കുമ്പാട് വാര്‍ഡ് മെമ്പര്‍ ടി പി മഹേഷ് (29), അരവഞ്ചാലിലെ റഷീദ് തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കണ്ണൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 46 ആയി.
ചക്കരക്കല്‍, അഴീക്കോട്, വളപട്ടണം, കണ്ണൂര്‍ സിറ്റി, തളിപ്പറമ്പ്, ഇരിട്ടി, തലശ്ശേരി, കൂത്തുപറമ്പ് മേഖലകളില്‍ നടത്തിയ റെയ്ഡിലാണ് എല്‍ ഡി എഫ് പ്രവര്‍ത്തകരെ പിടികൂടിയത്. വീഡിയോ ക്ലിപ്പിംഗുകളില്‍ നിന്നും പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ഫോട്ടോകളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
പിടികൂടിയവരെ ടൗണ്‍ സി ഐ ഓഫീസിലെത്തിച്ച് വീഡിയോ ക്ലിപ്പിംഗുകളും മൊബൈല്‍ ടവര്‍ പരിധിയും അന്വേഷിച്ച് ഉറപ്പ് വരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.