Connect with us

Malappuram

ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പരിശീലനത്തിനായി വിദേശികളെത്തുന്നു

Published

|

Last Updated

മലപ്പുറം: ഇന്ത്യയിലെ മികച്ച കാര്‍ഷിക ഗവേഷണ കേന്ദ്രമായ ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലേക്ക് പരിശീലനത്തിനായി വിദേശികളുമെത്തുന്നു. തങ്ങളുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന വാഴയില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതില്‍ പരിശീലനം തേടി നെജീരിയന്‍ കര്‍ഷക സംഘമാണ് ഗവേഷണ കേന്ദ്രത്തിലേക്ക് വരുന്നത്. വാഴയില്‍ നിന്ന് പത്തിലധികം മൂല്യവര്‍ധിത ഉത്പന്നങ്ങളാണ് ഗവേഷണ കേന്ദ്രത്തില്‍ ഉണ്ടാക്കുന്നത്. ഇത് വായിച്ചറിഞ്ഞ നൈജീരിയന്‍ സംഘം കാര്‍ഷിക കേന്ദ്രവുമായി ബന്ധപ്പെട്ടു. അടുത്ത ജനുവരിയില്‍ 25ഓളം വരുന്ന കര്‍ഷക സംഘമാണ് പരിശീലനത്തിനെത്തുന്നത്. അഞ്ച് ദിവസത്തെ പരിശീലനമാണ് നല്‍കുക. ഡിസംബറില്‍ മഹാരാഷ്ര്ടയിലെ ബീഡിലുള്ള കൃഷി വിജ്ഞാന്‍ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ 30 ഓളം കര്‍ഷകര്‍ അഞ്ച് ദിവസത്തെ പരിശീലനത്തിനായും വരുന്നുണ്ട്. ഇവരും പഴം പച്ചക്കറി സംസ്‌കരണത്തില്‍ പരിശീലനം നേടാനാണെത്തുന്നത്.
ബാനാന ചിപ്‌സ്, പൗഡര്‍, എന്നിവക്ക് പുറമെ വാഴപിണ്ടി അച്ചാര്‍, കോഴി തീറ്റ, ജാം, ജെല്ലി, സിറപ്പ്, ഹലുവ തുടങ്ങിയ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിലാണ് ഇവിടെ പരിശീലനം നല്‍കുന്നത്. അച്ചാറുകള്‍ക്ക് നല്ല ഡിമാന്‍ഡാണെന്ന് പരിശീലക പി സുചിത്ര പറഞ്ഞു. സാധാരണ വാഴയില്‍ നിന്ന് 150- 200 രൂപയുടെ വരുമാനമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ വാഴയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളിലൂടെ ഒരു വാഴയില്‍ നിന്ന് 5000 രൂപവരെ സമ്പാദിക്കാനാകുമെന്ന് ആനക്കയം ഗവേഷണ കേന്ദ്രം മേധാവി പ്രൊഫ. ആര്‍ രാജേന്ദ്രന്‍ സിറാജിനോട് പറഞ്ഞു.
ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നാണ് കാര്‍ഷിക സര്‍വകലാശാലക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത്. സര്‍വകലാശാലക്ക് സംസ്ഥാനത്തെ 27 ഓളം ഗവേഷണ കേന്ദ്രങ്ങളിലായി മൊത്തം 35,000 ഏക്കറിലാണ് കൃഷിയുള്ളത്. ആനക്കയത്ത് 25 ഏക്കര്‍ സ്ഥലമാണുള്ളത്. 2012-13 സാമ്പത്തിക വര്‍ഷത്തില്‍ സര്‍വകലാശാലക്ക് എട്ട് കോടിയോളമാണ് വരുമാനം ലഭിച്ചത്. ഇതില്‍ 2.7 കോടിയും (35 ശതമാനം) ആനക്കയം കേന്ദ്രത്തില്‍ നിന്നാണ്. പഴം, പച്ചക്കറി സംസ്‌കരണത്തിന് പുറമെ നഴ്‌സറിയില്‍ നിന്നും വരുമാനം ലഭിക്കുന്നുണ്ട്. ഡിസംബറില്‍ കേന്ദ്രത്തിന്റെ 50ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച്, ആനക്കയം ഗവേഷണ സ്ഥാപനത്തെ മികവിന്റെ കേന്ദ്രമായി ഉയര്‍ത്തിയിട്ടുണ്ട്. ദേശീയ തലത്തില്‍ പരിശീലനം നല്‍കാന്‍ കഴിയുന്ന സ്ഥാപനമായി ഇതിനെ മാറ്റാമെന്ന് പ്രൊഫ. രാജേന്ദ്രന്‍ വ്യക്തമാക്കി.

Latest