Connect with us

National

കൂടംകുളം: പ്രവര്‍ത്തനം പൂര്‍ണ തോതിലാകാന്‍ വര്‍ഷത്തിലേറെയെടുക്കും

Published

|

Last Updated

ന്യൂഡല്‍ഹി: കൂടംകുളം ആണവ നിലയത്തിന്റെ സുരക്ഷാ പരിശോധനകള്‍ റഷ്യന്‍ ഊര്‍ജ വിദഗ്ധര്‍ പൂര്‍ത്തിയാക്കി. നിലയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ തോതില്‍ തുടങ്ങാന്‍ ഒരു വര്‍ഷത്തിലേറെ സമയമെടുക്കുമെന്ന് റഷ്യന്‍ ഊര്‍ജ വിദഗ്ധര്‍ അറിയിച്ചു. ക്രമേണയേ ഊര്‍ജ ഉത്പാദനം കൂട്ടാനാകൂവെന്നും നിലയത്തിനുണ്ടാകാനിടയുള്ള എല്ലാ സുരക്ഷാ പ്രശ്‌നങ്ങളും കണക്കാക്കിയ ശേഷം മാത്രമേ പൂര്‍ണ ഉത്പാദനം സാധ്യമാകൂവെന്നും മോസ്‌കോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തിംഗ് ടാങ്ക് ആറ്റം ഇന്‍ഫോ എന്ന കമ്പനിയുടെ ഡയറക്ടര്‍ അലക്‌സാണ്ടര്‍ ഉവറോവ് പറഞ്ഞു.
കമ്മീഷനിംഗ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ ചിലപ്പോള്‍ ഒരു വര്‍ഷമോ അതില്‍ കൂടുതലോ എടുക്കും. നിലയത്തിന്റെ ആദ്യ യൂനിറ്റിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ആഴ്ച തുടങ്ങിയിരുന്നു. തെക്കന്‍ ഗ്രിഡുമായാണ് പ്ലാന്റിനെ ബന്ധിപ്പിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ നേരത്തേക്കായിരുന്നു പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചത്. ഗ്രിഡില്‍ പ്രതീക്ഷിച്ച വൈദ്യുതി നല്‍കാനാകുകയും ചെയ്തു. 160 മെഗാവാട്ട് വൈദ്യുതിയാണ് ആദ്യ ഘട്ടത്തില്‍ ഉത്പാദിപ്പിച്ചത്. മൂന്ന് ദിവസത്തിന് ശേഷം വീണ്ടും പ്രവര്‍ത്തനം തുടങ്ങി.
ആദ്യ പടിയായി നിര്‍ദിഷ്ട ഉത്പാദനത്തിന്റെ 50 ശതമാനവും തുടര്‍ന്ന് 75 ശതമാനവും ഒടുവില്‍ പൂര്‍ണ തോതിലും വൈദ്യുതിയുണ്ടാക്കാനാകും. 1000 മെഗാവാട്ട് വൈദ്യുതിയാണ് നിലയത്തില്‍ നിന്ന് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. പ്ലാന്റിന് ആറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡിന്റെ അംഗീകാരവും ലഭിക്കണം. അതിനിടെ, നിലയം പരിശോധനകള്‍ക്കായി വീണ്ടും അടച്ചു. ഏതാനും മണിക്കൂറുകളാണ് അടച്ചത്. 300 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ച ശേഷമാണ് ടര്‍ബൈനുകള്‍ പരിശോധിക്കാനായി രാത്രി എട്ടരയോടെ നിലയം അടച്ചത്.

Latest