Connect with us

National

'പട്ടേല്‍ പ്രധാനമന്ത്രിയായെങ്കില്‍ ബി ജെ പിയും ആര്‍ എസ് എസും ഉണ്ടാകുമായിരുന്നില്ല'

Published

|

Last Updated

ഭോപ്പാല്‍: സര്‍ദാര്‍ വല്ലഭായി പട്ടേല്‍ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായെങ്കില്‍ ബി ജെ പിയും ആര്‍ എസ് എസും ഇന്ന് നിലനില്‍ക്കില്ലായിരുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പട്ടേലിനെ കുറിച്ചുള്ള പരാമര്‍ശത്തിന് മറുപടിയായാണ് ദിഗ്‌വിജയ് സിംഗിന്റെ പ്രതികരണം.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്ഥാനത്ത് പട്ടേലായിരുന്നുവെങ്കില്‍ ബി ജെ പിയും ആര്‍ എസ് എസും ഇന്ന് നിലനില്‍ക്കില്ലായിരുന്നുവെന്ന് താന്‍ ഉറച്ചുവിശ്വാസിക്കുന്നതായി ഭോപ്പാലില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വര്‍ഗീയ കലാപങ്ങള്‍ക്ക് പ്രേരിപ്പിച്ചതിന്റെ പേരില്‍ സര്‍ദാര്‍ പട്ടേല്‍ ആര്‍ എസ് എസിനെ നിരോധിച്ചിരിന്നു എന്ന കാര്യം മോഡി ഓര്‍മിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ പട്ടേല്‍ മ്യൂസിയത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രിയും നരേന്ദ്ര മോഡിയും പട്ടേലിനെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. പട്ടേല്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി വരികയായിരുന്നുവെങ്കില്‍ ഇന്ത്യയുടെ മുഖവും വിധിയും മറ്റൊന്നാകുമായിരുന്നുവെന്നാണ് മോഡി പ്രതികരിച്ചത്. അടുത്ത മാസം മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി മുന്നേറുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെയും ദിഗ്‌വിജയ് സിംഗ് തള്ളിക്കളഞ്ഞു. ഇത്തരം സര്‍വേ ഫലങ്ങള്‍ പിച്ചിച്ചീന്തി കുപ്പത്തൊട്ടിയില്‍ തള്ളണമെന്നായിരുന്നു ഇതിനെ കുറിച്ചുള്ള ദിഗ്‌വിജയ് സിംഗിന്റെ പ്രതികരണം.

Latest