Connect with us

Eranakulam

നെടുമ്പാശേരി സ്വര്‍ണക്കടത്ത്: മാധവനും അനില്‍കുമാറിനും സസ്‌പെന്‍ഷന്‍

Published

|

Last Updated

കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി മാധവന്‍, അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ. അനില്‍കുമാര്‍ എന്നിവരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായി. രാഷ്ട്രപതി ഒപ്പിട്ട സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ ചൊവ്വാഴ്ച രാത്രി കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണര്‍ക്ക് ലഭിച്ചു. മറ്റൊരു ഉത്തരവുണ്ടാകുന്നതു വരെ ഇരുവരെയും സസ്‌പെന്‍ഡ് ചെയ്യുന്നുവെന്നാണ് ഉത്തരവിലുള്ളത്. കേസില്‍ അറസ്റ്റിലായ കസ്റ്റംസ് പ്രിവന്റീവ് ഓഫീസര്‍ സുനില്‍കുമാറിനെ നേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കേസില്‍ പ്രതിയായി 24 മണിക്കൂര്‍ കസ്റ്റഡിയില്‍ കഴിഞ്ഞാല്‍ സ്വാഭാവികമായും ആ ഉദ്യോസ്ഥന്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടും. മാധവനും അനില്‍കുമാറും ഫലത്തില്‍ സസ്‌പെന്‍ഷനില്‍ തന്നെയായിരുന്നു. ഉത്തരവ് വന്നതോടെ ഇതിന് ഔദ്യോഗിക സ്ഥിരീകരണമായി. റിട്ടയര്‍ ചെയ്യാന്‍ ഒരു മാസം മാത്രം ബാക്കിയിരിക്കുമ്പോഴാണ് മാധവന്‍ കള്ളക്കടത്ത് കേസില്‍ പ്രതിയായി സസ്‌പെന്‍ഷനിലായിരിക്കുന്നത്. സസ്‌പെന്‍ഷനിലായതോടെ മുഴുവന്‍ സര്‍വീസ് ആനുകൂല്യങ്ങളും ഇവര്‍ക്ക് നഷ്ടമാകും. കുറ്റക്കാരല്ലെന്ന് തെളിഞ്ഞാല്‍ മാത്രമാണ് ഇനി ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ തിരിച്ചു കിട്ടാനോ സര്‍വീസില്‍ തിരിച്ചെത്താനോ സാധ്യതയുള്ളത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട് സി ബി ഐ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ വിചാരണ തീരാന്‍ സാധാരണ നിലയില്‍ പത്തും പതിനഞ്ചും വര്‍ഷം എടുക്കും. 21 വര്‍ഷമായി തീര്‍പ്പാകാതെ കിടക്കുന്ന കേസുകള്‍ പോലും ഇക്കൂട്ടത്തിലുണ്ട്. 2006ല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി ഇതുവരെ വാദം കേള്‍ക്കല്‍ പോലും തുടങ്ങിയിട്ടില്ല.
അതേസമയം നെടുമ്പാശേരി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് കമ്മീഷണര്‍ ഡോ. കെ എന്‍ രാഘവന് സ്ഥാനചലനമുണ്ടാകുമെന്നാണ് ഡര്‍ഹിയില്‍ നിന്നുള്ള സൂചനകള്‍. ഉയര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കള്ളക്കടത്ത് സംഘവുമായുള്ള ബന്ധം വെളിച്ചത്തായ സാഹചര്യത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ കുറ്റകരമായ അലംഭാവം കാണിച്ചതിനാണ് രാഘവനെതിരെ നടപടിക്ക് സാധ്യതയുള്ളത്. മാധവനും അനില്‍കുമാറും നെടുമ്പാശേരിയില്‍ നിന്ന് സ്ഥലം മാറ്റിയ ശേഷവും മാസങ്ങളോളം ഇവിടെ ഡ്യൂട്ടിയില്‍ തുടര്‍ന്നത് കമ്മീഷണറുടെ മേല്‍നോട്ട ചുതമലയില്‍ സംഭവിച്ച ഗുരുതരമായ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാലയളവിലാണ് ഫയാസും സംഘവും നെടുമ്പാശേരി വഴി തുടര്‍ച്ചയായി സ്വര്‍ണക്കടത്ത് നടത്തിയത്. രാഘവനെതിരെ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം കസ്റ്റംസ് ആസ്ഥാനത്തേക്ക് റിപ്പോര്‍ട്ട് നല്‍കിയതായും സ്ഥലംമാറ്റം സംബന്ധിച്ച് അധികം വൈകാതെ ഡല്‍ഹിയില്‍ നിന്ന് ചീഫ് കമ്മീഷണറുടെ ഉത്തരവ് ഉണ്ടാകാനിടയുണ്ടെന്നും കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നു.

 

Latest