Connect with us

Ongoing News

ഇന്ത്യക്ക് ആറുവിക്കറ്റിന്റെ ഉജ്ജ്വല ജയം

Published

|

Last Updated

നാഗ്പുര്‍: രോഹിത് ശര്‍മയും ശിഖര്‍ധവാനും നല്‍കിയ മികച്ച തുടക്കം, വിരാട് കോഹ്‌ലിയുടെ ഗര്‍ജനം, പതിവ് പോലെ വിന്നിംഗ് ഷോട്ടുതിര്‍ത്ത് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി….ആസ്‌ത്രേലിയക്കെതിരെ ആറാം ഏകദിനത്തില്‍ ഇന്ത്യക്ക് എക്കാലവും ഓര്‍മിക്കാന്‍ പോന്ന ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ, ഏഴ് മത്സര പരമ്പരയില്‍ ഇന്ത്യ 2-2ന് ഒപ്പമെത്തി. അവസാന മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര നേടാം.
ആസ്‌ത്രേലിയ ഉയര്‍ത്തിയ 351 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്തുകള്‍ ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. 66 പന്തില്‍ പുറത്താകാതെ 115 റണ്‍സടിച്ച വിരാട് കോഹ്‌ലിയാണ് മാന്‍ ഓഫ് ദ മാച്ച്. മഹേന്ദ്ര സിംഗ് ധോണി 23 പന്തില്‍ 25 റണ്‍സെടുത്ത് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. അവസാന ഓവറില്‍ ആറ് റണ്‍സായിരുന്നു ജയിക്കാന്‍. ആദ്യ പന്ത് നഷ്ടമാക്കിയ ധോണി രണ്ടാം പന്ത് ബൗണ്ടറി കടത്തി. മൂന്നാം പന്തില്‍ ഡബിളെടുത്ത് ജയമുറപ്പിച്ചു. രോഹിത് ശര്‍മ (89 പന്തില്‍ 79), ശിഖര്‍ ധവാന്‍ (102 പന്തില്‍ 100) ഒന്നാം വിക്കറ്റില്‍ 178 റണ്‍സ് ചേര്‍ത്തു. ശിഖര്‍ ധവാന്റെ നാലാം ഏകദിന സെഞ്ച്വറിയാണിത്.
വിരാട് കോഹ്‌ലിയുടെ വെടിക്കെട്ട് ഇന്നിംഗ്‌സാണ് ആസ്‌ത്രേലിയയുടെ കൈയ്യില്‍ നിന്ന് മത്സരം തട്ടിയെടുക്കാന്‍ ഇന്ത്യയെ സഹായിച്ചത്. പതിനെട്ട് ബൗണ്ടറികളും ഒരു സിക്‌സറും കോഹ്‌ലി നേടി. രോഹിത് ശര്‍മ മൂന്ന് സിക്‌സറുകള്‍ പറത്തിയപ്പോള്‍ ശിഖര്‍ ധവാന്‍ പതിനൊന്ന് ഫോറുകള്‍ പായിച്ചു. ധോണി നേടിയത് രണ്ട് ഫോറുകള്‍. ഡബിളും സിംഗിളുമെടുത്ത് കോഹ്‌ലിക്ക് സ്‌ട്രൈക്ക് നല്‍കാനായിരുന്നു ധോണി ശ്രമിച്ചത്.
നേരത്തെ ആസ്‌ത്രേലിയന്‍ ഇന്നിംഗ്‌സിന് കരുത്ത് പകര്‍ന്നത് ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലി(156)യും ഷെയിന്‍ വാട്‌സ (102)നുമാണ്. 114 പന്തില്‍ 13 ഫോറുകളും ആറ് സിക്‌സറുകളും ഉള്‍പ്പടെയാണ് ബെയ്‌ലി കരിയര്‍ ബെസ്റ്റ് പ്രകടനം കാഴ്ചവെച്ചത്. വാട്‌സന്‍ 94 പന്തുകളില്‍ പതിമൂന്ന് ഫോറുകളും മൂന്ന് സിക്‌സറുകളും പറത്തി. ആഡം വോജസ് 44 നോട്ടൗട്ട്. ജഡേജയും അശ്വിനും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി ഓരോ വിക്കറ്റും വീഴ്ത്തി.
ജഡേജക്ക് 100 വിക്കറ്റ്
നാഗ്പുര്‍: ഇന്ത്യയുടെ ആള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് ഏകദിന ക്രിക്കറ്റില്‍ നൂറ് വിക്കറ്റുകള്‍. ഇന്നലെ ആസ്‌ത്രേലിയക്കെതിരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയതോടെയാണ് ജഡേജ സെഞ്ച്വറി ക്ലബ്ബില്‍ അംഗമായത്. പത്ത് ഓവറില്‍ 68 റണ്‍സ് വഴങ്ങിയ ജഡേജ തന്റെ അവസാന ഓവറിലാണ് ജോര്‍ജ് ബെയ്‌ലിയെയും മിച്ചല്‍ ജോണ്‍സനെയും പുറത്താക്കി നൂറ് വിക്കറ്റിലെത്തിയത്. ഓസീസ് ക്യാപ്റ്റന്‍ ബെയ്‌ലിയെ വിരാട് കോഹ്‌ലിയുടെ കൈകളിലെത്തിച്ച് 99 വിക്കറ്റിലെത്തിയ ജഡേജയുടെ നൂറാം വിക്കറ്റില്‍ ജോണ്‍സന്‍ ഗോള്‍ഡന്‍ ഡക്കായി.
ആദ്യ പന്തില്‍ തന്നെ ശിഖര്‍ ധവാന് ക്യാച്ച് നല്‍കി ജോണ്‍സന്‍ മടങ്ങി. സൗരാഷ്ട്ര താരം 2009 ഫെബ്രുവരി എട്ടിനാണ് ഏകദിന രാജ്യാന്തര മത്സരത്തില്‍ അരങ്ങേറിയത്. കൊളംബോയില്‍ ശ്രീലങ്കക്കെതിരെയായിരുന്നു ആദ്യ കളി.
ജഡേജ ഏറ്റവുമധികം വിക്കറ്റുകളെടുത്തത് ഇംഗ്ലണ്ടിനെതിരെ – 26. ശ്രീലങ്കക്കെതിരെ ഇരുപത്, വെസ്റ്റിന്‍ഡീസിനെതിരെ പതിനാറ്, ആസ്‌ത്രേലിയക്കെതിരെ പന്ത്രണ്ട്, സിംബാബ്‌വെക്കെതിരെ എട്ട്, പാക്കിസ്ഥാനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും ഏഴ്, ബംഗ്ലാദേശിനെതിരെ മൂന്ന്, ന്യൂസിലാന്‍ഡിനെതിരെ ഒന്ന്, ഇങ്ങനെയാണ് ജഡേജയുടെ മറ്റ് വിക്കറ്റ് നേട്ടങ്ങള്‍.

---- facebook comment plugin here -----

Latest