Connect with us

Gulf

പ്രവാസി മലയാളികള്‍ 16.25 ലക്ഷം

Published

|

Last Updated

തിരുവനന്തപുരം: വിവിധ വിദേശ രാഷ്ട്രങ്ങളില്‍ കഴിയുന്നത് 16.25 ലക്ഷം മലയാളികളെന്ന് പ്രവാസി സര്‍വേ റിപ്പോര്‍ട്ട്. കൂടുതല്‍ മലയാളികള്‍ യു എ ഇയിലാണെന്നും പ്രവാസികള്‍ കൂടുതല്‍ മലപ്പുറം ജില്ലയില്‍ നിന്നാണെന്നും സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങളിലായി കഴിയുന്ന 16,25,653 പ്രവാസികളില്‍ 14,26,853 പേരും പലതരം ജോലികളില്‍ ഏര്‍പ്പെട്ടിരിക്കയാണെന്നും സര്‍വെയില്‍ കണ്ടെത്തി. സംസ്ഥാന പ്രവാസികാര്യ വകുപ്പ് ബ്യൂറോ ഓഫ് ഇക്കണോമിക്‌സിന്റെ സഹകരണത്തോടെയാണ് സര്‍വേ നടത്തിയത്. പ്രവാസി ക്ഷേമ പദ്ധതികളും പുനരധിവാസവും ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാകും തയ്യാറാക്കുകയെന്ന് പ്രവാസികാര്യ മന്ത്രി കെ സി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രവാസികളെ കുറിച്ച് സമഗ്രമായ നിലയില്‍ ഒരു സര്‍വേ സംഘടിപ്പിക്കുന്നത് ഇതാദ്യമായാണ്. റിപ്പോര്‍ട്ട് അനുസരിച്ച് ആകെയുള്ള പ്രവാസികളില്‍ 1,42,674(88 ശതമാനം) പേരും ഗള്‍ഫ് മേഖലയിലാണ്. കേരളത്തില്‍ ഏകദേശം 50 ലക്ഷം പേര്‍ പ്രവാസി മലയാളികളെ ആശ്രയിക്കുന്നവരാണ്. തൊഴില്‍ ചെയ്യുന്ന പ്രവാസി മലയാളികളില്‍ 78 ശതമാനം പേരും യുവാക്കളാണെന്നും സര്‍വേഫലം ചൂണ്ടിക്കാട്ടുന്നു. ഏറ്റവും കൂടുതല്‍ പ്രവാസി മലയാളികള്‍ ഉള്ള രാജ്യം യു എ ഇയാണ് (35 ശതമാനം). 28 ശതമാനം പേരുള്ള സ ഊദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. പ്രവാസി മലയാളികളില്‍ ജോലി ചെയ്യുന്നവരില്‍ 13,25,527(93 ശതമാനം) പേര്‍ പുരുഷന്‍മാരും 99,326 (ഏഴ് ശതമാനം) പേര്‍ സ്ത്രീകളുമാണ്. വനിതകളില്‍ 58,559 (59 ശതമാനം) പേര്‍ നഴ്‌സുമാരാണ്. ജോലി ചെയ്യുന്ന വനിതാ പ്രവാസികളില്‍ കൂടുതല്‍ പേര്‍ കോട്ടയം ജില്ലയില്‍ നിന്നാണ്. 22,585(33 ശതമാനം). 1,240(ഒരു ശതമാനം) പേരുള്ള കാസര്‍കോട് ജില്ലയാണ് ഇക്കാര്യത്തില്‍ പിന്നില്‍.

Latest