Connect with us

Gulf

ദമ്മാമില്‍ റെഡിമിക്‌സ് യന്ത്രത്തില്‍ കുടുങ്ങി മലയാളി ദാരുണമായി മരിച്ചു

Published

|

Last Updated

ദമ്മാം: കോണ്‍ട്രാക്ടിങ് കമ്പനിയിലെ റെഡിമിക്‌സ് യന്ത്രത്തില്‍ കുടുങ്ങി തൊഴിലാളി ദാരുണമായി മരിച്ചു. കണ്ണൂര്‍ ജില്ലയിലെ കോലത്തുവയല്‍ നിവാസി കല്ല്യാശേരി വാഴവളപ്പില്‍ സജീവന്‍ (35)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഖത്തീഫിലാണ് ദുരന്തം.

കോണ്‍ട്രാക്ടിങ് കമ്പനിയിലെ തൊഴിലാളിയായ സജീവന്‍ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യന്ത്രത്തില്‍ ഇറങ്ങി യന്ത്രഭാഗങ്ങള്‍ വൃത്തിയാക്കുന്നതിനിടെ മറ്റൊരു ഇന്ത്യന്‍ തൊഴിലാളി അബദ്ധത്തില്‍ യന്ത്രം ഓണ്‍ ചെയ്തതാണ് അപകടത്തിന് കാരണം. യന്ത്രത്തിനകത്ത് സജീവനോടൊപ്പം ഉണ്ടായിരുന്ന തളിപ്പറമ്പ് കീഴാറ്റൂര്‍ സ്വദേശി രഞ്ജിത്ത് പരുക്കുകളോടെ രക്ഷപ്പെട്ടു. ഇയാള്‍ ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ജോലികഴിഞ്ഞ് വൈകീട്ട് അഞ്ചു മണിയോടെ യന്ത്രം വൃത്തിയാക്കുമ്പോള്‍ മറ്റു ജീവനക്കാര്‍ നോക്കിനില്‍ക്കെയാണ് അപകടം സംഭവിച്ചത്. തുടര്‍ന്ന് യന്ത്രം പെട്ടെന്ന് ഓഫ് ചെയ്യുകയായിരുന്നു.

ഒന്നര വര്‍ഷം മുമ്പാണ് സജീവന്‍ ക്ലീനിംഗ് തൊഴിലാളിയായി സഊദിയിലെത്തിയത്. പരേതനായ കൃഷ്ണനാണ് പിതാവ്. അമ്മ യശോദ. ലിഷയാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ എടുത്തുവരുന്നു.

Latest