Connect with us

Gulf

നവം.ഒന്നിന് പൊതുഗതാഗത ദിനം

Published

|

Last Updated

ദുബൈ: നവം. ഒന്നിന് പൊതുഗതാഗത ദിനം, ദുബൈയുടെ പുരോഗതിക്കൊപ്പം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ആഘോഷിക്കുമെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍ പറഞ്ഞു. അന്ന് ദുബൈ മെട്രോ, ബസ്, വാട്ടര്‍ ബസ് എന്നിവയില്‍ യാത്ര സൗജന്യമായിരിക്കും. നോള്‍ കാര്‍ഡില്‍ നിന്ന് നിരക്ക് ഈടാക്കില്ല.

അതോടൊപ്പം പൊതുഗതാഗത ദിനം ആഘോഷിക്കാന്‍ നവം. ഒന്നിന് സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കണം. ആര്‍ ടി എയുടെ ആഭിമുഖ്യത്തില്‍ പലതരത്തിലുള്ള ആഘോഷങ്ങള്‍ നടത്തും. ബുര്‍ജ് ഖലീഫയില്‍ മാരത്തോണ്‍, ഉപയോഗിച്ച പുസ്തകങ്ങളുടെ മേള, ശിന്ദഗ മുതല്‍ അല്‍ സീഫ് വരെ ബോട്ട് പ്രകടനം, ആരോഗ്യ പരിശോധന എന്നിവ ഉണ്ടാകും. ദുബൈ ഹെല്‍ത്ത് കെയര്‍സിറ്റി, എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മൂന്ന് മെട്രോ സ്‌റ്റേഷനുകളിലാണ് ആരോഗ്യ പരിശോധന. രക്തത്തിലെ പഞ്ചസാര, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം എന്നിവ പരിശോധിക്കാം. ഗുബൈബ ബസ് സ്‌റ്റേഷനില്‍ രക്തദാന ക്യാമ്പ് നടത്തും. പരിസ്ഥിതി സൗഹൃദ പദ്ധതികളുടെയും സുസ്ഥിര വികസന പദ്ധതികളുടെയും പ്രചാരണം നടത്തും.
പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 19.30 കോടി യാത്രക്കാരാണ് സേവനം ഉപയോഗിച്ചത്. മെട്രോയില്‍ 9.8 കോടി യാത്രകള്‍ നടന്നു. ബസ് സംവിധാനങ്ങളിലൂടെ 8.4 കോടി യാത്രകള്‍ നടന്നിട്ടുണ്ടെന്നും മത്താര്‍ അല്‍ തായര്‍ അറിയിച്ചു.