Connect with us

Kozhikode

മോഷണ കേസിലെ പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

താമരശ്ശേരി: ലഹരി മാഫിയക്കെതിരെ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ താമരശ്ശേരി ചുങ്കത്തെ ഹെല്‍മെറ്റ് ഗോഡൗണ്‍ തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ നിരവധി മോഷണ കേസുകളിലെ പ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. കോരങ്ങാട്ട് വാടകക്ക് താമസിക്കുന്ന അമ്പായത്തോട് തൂമ്പറ്റ മജീദ് (30), അമ്പായത്തോട് മിച്ചഭൂമി ആറാം പ്ലോട്ടില്‍ താമസിക്കുന്ന സുബൈര്‍ (സുധീര്‍ 28) എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തതത്.

ചുങ്കം ചെക്ക് പോസ്റ്റിന് സമീപം ഹെല്‍മറ്റും മറ്റ് വസ്തുക്കളും വില്‍പ്പന നടത്തുന്ന കയ്യേലിക്കുന്ന് ഫൈസലിന്റെ ഗോഡൗണ്‍ ഇക്കഴിഞ്ഞ അഞ്ചിന് പുലര്‍ച്ചെ തീയിട്ടു നശിപ്പിക്കുകയായിരുന്നു. തീ ആളിപ്പടരുന്നത് കണ്ട സമീപത്തെ ക്രിസ്ത്യന്‍ ദേവാലയത്തിലെ താമസക്കാര്‍ പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു. ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയുടെ വസ്തുക്കളാണ് കത്തിനശിച്ചത്.
സംഭവത്തിന്റെ തലേദിവസം ചുങ്കം ഭാഗത്തെ ഒഴിഞ്ഞ കെട്ടിടത്തില്‍ കഞ്ചാവ് കൈമാറ്റത്തിനെത്തിയ മജീദ് ഉള്‍പ്പെടെയുള്ള സംഘത്തെ നാട്ടുകാര്‍ താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. പ്രദേശത്തെ ലഹരി വില്‍പ്പനക്കെതിരെ നാട്ടുകാര്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതിയും നല്‍കിയിരുന്നു. ഇതിലുള്ള വിരോധമാണ് ഹെല്‍മെറ്റ് ഗോഡൗണ്‍ തീയിട്ട് നശിപ്പിക്കാനുള്ള കാരണം. നടക്കാവ്, കുന്ദമംഗലം, താമരശ്ശേരി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മോഷണ കേസുകളിലെ പ്രതിയാണ് മജീദെന്ന് പോലീസ് പറഞ്ഞു. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ്് ചെയ്തു.

Latest