Connect with us

Kerala

മുഖ്യമന്ത്രിക്കുനേരെ കല്ലേറ്: അഞ്ച് പേര്‍ കൂടി അറസ്റ്റില്‍; എ ഡി ജി പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Published

|

Last Updated

കണ്ണൂര്‍: കണ്ണൂരില്‍ മുഖ്യമന്ത്രിയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 23 ആയി. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെമ്പിലോട് കോയോട് അബ്ദുല്ല പീടികക്ക് സമീപത്തെ എന്‍ വി നികേഷ് (35), ധര്‍മടം പാലയാട്ടെ കെ പുരുഷോത്തമന്‍ (58), ധര്‍മടം അണ്ടലൂരിലെ എന്‍ കെ രവി (62), പാതിരിയാട് കമ്പിനിമേട്ടയിലെ കെ പ്രേമന്‍ (57), എന്‍ സി പി ജില്ലാ വൈസ് പ്രസിഡന്റ് ഹമീദ് ഇരിണാവ് (62) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാന്‍ഡ് ചെയ്തു.
തിങ്കളാഴ്ച അര്‍ധരാത്രിയിലും ഇന്നലെ പുലര്‍ച്ചെയുമായാണ് ജില്ലയുടെ വിവിധയിടങ്ങളില്‍ നിന്നായി സി പി എം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ അഞ്ച് പേരെയും ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയരാക്കി. തിങ്കളാഴ്ച രാവിലെ അറസ്റ്റിലായ പതിനഞ്ച് പേര്‍ക്കു പുറമെ രാത്രിയോടെ അറസ്റ്റിലായ മാലൂരിലെ സ്‌കൂള്‍ അധ്യാപകന്‍ വിനോദ്, തലശ്ശേരിയിലെ ടാക്‌സി ഡ്രൈവര്‍മാരായ ഷാജി, രയരോത്ത് മുഹമ്മദ് എന്നിവരെ രാത്രി വൈകി കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയാണ് റിമാന്‍ഡ് ചെയ്തത്.
അതേസമയം, കേസിലെ പ്രധാന പ്രതികളിലൊരാളെന്നു കരുതുന്ന ഡി വൈ എഫ് ഐ നേതാവിനെ പോലീസ് തിരിച്ചറിഞ്ഞു. ഡി വൈ എഫ് ഐ ശ്രീകണ്ഠപുരം ബ്ലോക്ക് ട്രഷററും ചുഴലി സഹകരണ ബേങ്ക് ബില്‍ കലക്ടറുമായ പി വി രാജേഷിനെ (30) യാണ് തിരിച്ചറിഞ്ഞത്. ഇയാളെ അറസ്റ്റ് ചെയ്യാന്‍ ശ്രമം നടത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നു.
അതിനിടെ, മുഖ്യമന്ത്രിക്കു നേരെ അക്രമം ഉണ്ടായ സംഭവത്തില്‍ പോലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്നതിനെക്കുറിച്ച് ഉത്തര മേഖലാ എ ഡി ജി പി ശങ്കര്‍ റെഡ്ഢി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആഭ്യന്തര മന്ത്രിയുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് ഞായറാഴ്ച തന്നെ എ ഡി ജി പി അന്വേഷണ ചുമതല ഏറ്റെടുത്തിരുന്നു. റിപ്പോര്‍ട്ടില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശയില്ല. അക്രമവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ചുമതല കണ്ണൂര്‍ റേഞ്ച് ഐ ജി. സുരേഷ് രാജ് പുരോഹിതിനാണ്. പ്രതികള്‍ക്കായി റെയ്ഡ് ശക്തമാക്കാനാണ് തീരുമാനം. വീഡിയോ ചിത്രങ്ങളില്‍ നിന്നും കസ്റ്റഡിയിലെടുത്തവരുടെ മൊഴിയുടെ അടിസ്ഥാനത്തിലും കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഐ ജി കര്‍ശന നിര്‍ദേശം നല്‍കി.
മുഖ്യമന്ത്രിയെ ആക്രമിച്ചവരില്‍ ചിലര്‍ തില്ലങ്കേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച കേസിലും പ്രതികളാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് അവകാശപ്പെട്ടു. അതിനിടെ, മുഖ്യമന്ത്രിയെ ആക്രമിച്ച കേസില്‍ പ്രതിചേര്‍ത്ത എം എല്‍ എമാരായ കെ കെ നാരായണന്‍, സി കൃഷ്ണന്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പോലീസ് തുടങ്ങി. എം എല്‍ എമാരെ അറസ്റ്റ് ചെയ്യുന്നതിന് സ്പീക്കറുടെ പ്രത്യേക അനുമതി വേണം.