Connect with us

Malappuram

ചോക്കാട് ജനവാസ കേന്ദ്രത്തില്‍ വീണ്ടും പുലിയിറങ്ങി

Published

|

Last Updated

കാളികാവ്: ചോക്കാട് പെടയന്താളില്‍ ജനവാസ കേന്ദ്രത്തില്‍ വീണ്ടും പുലി ഇറങ്ങി. തിങ്കളാഴ്ച രാത്രിയാണ് പുലി ഇറങ്ങിയത്.

പെടയന്താള്‍ അങ്ങാടിക്ക് സമീപം ആലുങ്ങല്‍ എസ്റ്റേറ്റിലാണ് പുലി തെരുവ് നായയെ കൊന്ന് തിന്നതായി കണ്ടെത്തിയത്. ചോക്കാട്- നാല്‍പത് സെന്റ് റോഡില്‍ നിന്നും 50 മീറ്ററോളം ദൂരത്തിലാണ് പുലി ഭക്ഷണമാക്കിയ നായയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
നായയുടെ തലയും കാലുകളും ഒഴികെ ബാക്കി എല്ലാ ഭാഗങ്ങളും പുലി തിന്നിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് നായയുടെ അവശിഷ്ടങ്ങള്‍ കണ്ടത്. ഏതാനും ദിവസം മുമ്പ് തൊട്ടടുത്ത റൂബി എസ്റ്റേറ്റില്‍ പുലിയുടെ കാല്‍പാടുകള്‍ കണ്ടിരുന്നു.
ആദ്യമായിട്ടാണ് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പെടയന്താള്‍ അങ്ങാടിക്ക് സമീപം പുലി എത്തുന്നത്.
നാല്‍പത് സെന്റ് പ്രദേശത്തെ നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക വഴിക്ക് സമീപത്താണ് പുലിയുടെ അക്രമണവും നടക്കുന്നത്. കാട്ടാനകളും രാത്രിയായാല്‍ നാല്‍പത് സെന്റ് റോഡിലേക്ക് ഇറങ്ങുന്നതിന് പുറമെ പുലിയുടെ സാനിധ്യം കൂടി ഉണ്ടാകുന്നത് ജനങ്ങള്‍ ഭീതിയിലാകാനിടയായിട്ടുണ്ട്.
ഒരു വര്‍ഷമായി കാളികാവ് ചോക്കാട് പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളില്‍ പുലിയുടെ അക്രമണങ്ങള്‍ തുടരുകയാണ്. ഏതാനും മാസത്തെ ഇടവേളക്ക് ശേഷം പ്രദേശത്ത് വീണ്ടും പലസ്ഥലങ്ങളിലും പുലിയുടെ കാല്‍പാടുകള്‍ കാണപ്പെട്ടിരുന്നു.
പുലിയുടെ അക്രമണം പതിവായി കൊണ്ടിരിക്കുന്നതിനാല്‍ പുലിയെ പിടികൂടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പുലി ഭക്ഷണമാക്കിയ നായയുടെ അവശിഷ്ടം കാണപ്പെട്ട ഉടനെ പഞ്ചായത്ത് അംഗം പൈനാട്ടില്‍ അഷ്‌റഫ് വനപാലകരെ വിവരം അറിയിച്ചിരുന്നു.
എന്നാല്‍ സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ കൂട്ടാക്കാതെ നിലമ്പൂരില്‍ മീറ്റിംഗ് ഉണ്ടെന്നും കഴിഞ്ഞ് വരാമെന്നുളള മറുപടിയാണ് കിട്ടിയത്. പിന്നീട് ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിന് ശേഷമാണ് വനപാലകര്‍ സംഭവ സ്ഥലത്തെത്തിയതെന്ന് ആക്ഷേപമുണ്ട്.
പെടയന്താള്‍ ജി എല്‍ പി സ്‌കൂള്‍, ചോക്കാട് ജി യു പി സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് നാല്‍പത് സെന്റ് ഭാഗത്തു നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഈ റോഡിലൂടെ പോകാന്‍ ഭയമായിട്ടുണ്ട്.
പുലരുന്നതിന് മുമ്പ് നാല്‍പത് സെന്റ് മലവാരങ്ങളിലേക്ക് ടാപ്പിംഗ് ഉള്‍പ്പടെയുള്ള ജോലിക്ക് പോകുന്നത് മുടങ്ങിയിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ പുലിക്കെണി സ്ഥാപിച്ച് പുലിയെ പിടികൂടാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കരുവാരകുണ്ട് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍ ജലീല്‍ നാനാക്കലിന്റെ നേതൃത്വത്തിലുള്ള വന പാലകര്‍ നായയുടെ ജഡം പരിശോധിച്ചു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മേലുദ്യോഗസ്ഥന്‍മാരോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.