Connect with us

Palakkad

കവിതാ പിള്ള നഗരസഭ കേന്ദ്രീകരിച്ചും തട്ടിപ്പിന് ശ്രമിച്ചു

Published

|

Last Updated

പാലക്കാട്: മെഡിക്കല്‍ സീറ്റ് വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ കവിതാ ജി പിള്ള പാലക്കാട് നഗരസഭകേന്ദ്രീകരിച്ചും തട്ടിപ്പിന് ശ്രമിച്ചു. ഖരമാലിന്യസംസ്‌ക്കരണ യൂണിറ്റ് നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞ് മൂന്നരകോടിയോളം രൂപ തട്ടിയെടുക്കാനായിരുന്നു ശ്രമം.
പാലക്കാട് നഗരസഭയിലെ ഖരമാലിന്യപ്ലാന്റില്‍ നിന്ന് ജൈവവളം നിര്‍മ്മിക്കാമെന്ന് ചൂണ്ടിക്കാട്ടി കൊച്ചിയിലെ യുണൈറ്റഡ് ഇക്കോ സര്‍വീസസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് കവിത നഗരസഭക്ക് പദ്ധതി സമര്‍പ്പിച്ചിരുന്നത്. പദ്ധതിക്ക് നഗരസഭ‘അനുമതി നല്‍കിയാല്‍ മൂന്നുകോടി രൂപയുടെ ഉപകരണങ്ങള്‍ സര്‍ക്കാര്‍ യുണൈറ്റഡ് ഇക്കോ സര്‍വീസസിന് സൗജന്യമായി നല്‍കുമെന്ന് ഇവര്‍ നഗരസഭയെ ധരിപ്പിച്ചിരുന്നു. വിശ്വാസം നേടിയെടുക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റുമായാണ് നഗരസഭക്ക് പദ്ധതി സമര്‍പ്പിച്ചത്. പദ്ധതി വിശദമാക്കാന്‍ 2011 ആഗസ്ത് 23ലെ നഗരസഭാ കൗണ്‍സില്‍ യോഗത്തിലും ഇവര്‍ പങ്കെടുത്തു.
ദിനേന 50 ടണ്‍ മാലിന്യം സംസ്‌ക്കരിക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, പ്ലാന്റിന്റെ നിര്‍മ്മാണം തുടങ്ങാന്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നി നഗരസഭ പിന്മാറുകയായിരുന്നു. നഗരസഭയ്ക്ക് നല്‍കിയ ധാരണാപത്രത്തിന്റെ കരടില്‍ കമ്പനിയുടെ രണ്ടാം കക്ഷിയായി െ്രെകം പത്രാധിപര്‍ ടി പി നന്ദകുമാറിന്റെ പേരാണ് ചേര്‍ത്തിട്ടുള്ളത്. എന്നാല്‍ പിന്നീട് ഇവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി നന്ദകുമാര്‍ കവിതാ പിള്ളക്കെതിരെ എറണാകുളത്ത് വഞ്ചനാകുറ്റത്തിന് കേസ് നല്‍കിയിരുന്നു. സ്വാശ്രയ മെഡിക്കല്‍ കോളജില്‍ എം ബി ബിഎസ് സീറ്റുകള്‍ വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയ കേസില്‍ കവിത ജി പിള്ളയ്‌ക്കെതിരെ ടൗണ്‍ സൗത്ത് പോലീസ് കേസെടുത്തു.
തെളിവെടുപ്പിനായി കവിതയെ പാലക്കാട്ടെത്തിക്കും. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ടൗണ്‍ സൗത്ത് സി ഐ ബി സന്തോഷ് പറഞ്ഞു. പാലക്കാട് യാക്കരയിലെ പ്രവാസി ഇന്ത്യക്കാരനാണ് കവിതക്കെതിരെ പരാതി നല്‍കിയിരുന്നത്. 1. 40 കോടി നല്‍കിയാല്‍ പീഡിയാട്രിക് പി ജി സീറ്റ് നല്‍കാമെന്നായിരുന്നു വാഗ്ദാനം. കവിത അറസ്റ്റിലാവുന്നതിന് നാലുനാള്‍മുമ്പ് പാലക്കാട് ടൗണ്‍ സൗത്ത് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മുന്‍കൂര്‍ തുകയായാണ് 65 ലക്ഷം നല്‍കിയിരുന്നത്.
പരാതിക്കാരന്റെ മകളുടെ ‘ഭര്‍ത്താവാകാന്‍ പോകുന്നയാള്‍ക്കും മെഡിക്കല്‍ പി ജി സീറ്റ് നല്‍കാമെന്ന് വാഗ്ദാനമുണ്ടായിരുന്നു. കവിത ജി പിള്ളയെ ഒന്നാംപ്രതിയാക്കിയാണ് പോലീസ് കേസ്. ആലപ്പുഴ കാഞ്ഞിരംകുന്ന് സ്വദേശി ആര്‍ ഹരി രണ്ടാംപ്രതിയും കവിതയുടെ സ്ഥാപനത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മൂന്നാംപ്രതിയുമാണ്. കവിതയുടെ കുടുംബം വര്‍ഷങ്ങള്‍ക്കുമുമ്പ് മലമ്പുഴയിലായിരുന്നു താമസം.
കവിത മലമ്പുഴ ഹൈസ്‌കൂളിലും പഠിച്ചിട്ടുണ്ട്. നേരത്തെ കെ ടി ഡി സി യില്‍ താത്കാലികാടിസ്ഥാനത്തിലും തുടര്‍ന്ന് മലമ്പുഴയിലെ സ്വകാര്യഹോട്ടലിലും ജോലിചെയ്തിരുന്നു.———