Connect with us

International

നയതന്ത്ര ബന്ധം ശക്തമാക്കാന്‍ ഇന്ത്യ - പെറു കരാര്‍

Published

|

Last Updated

ലിമ: വാണിജ്യ, സാമ്പത്തിക മേഖലകളിലുള്ള ബന്ധത്തിനപ്പുറം നയതന്ത്ര ബന്ധം ശക്തമാക്കാന്‍ ഇന്ത്യയും പെറുവും തീരുമാനിച്ചു. പ്രതിരോധ മേഖലകളിലുള്ള ബന്ധം ദൃഢമാക്കുന്നതടക്കമുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. പെറു സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ വൈസ് പ്രസിഡന്റ് ഹാമിദ് അന്‍സാരി ഇത് സംബന്ധിച്ച് ഉന്നത തല നേതാക്കളുമായി ചര്‍ച്ച നടത്തി. നയതന്ത്ര ബന്ധം ശക്തമാക്കാന്‍ ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംയുക്ത സമിതി രൂപവത്കരിക്കാനും തീരുമാനമായിട്ടുണ്ട്.
നയതന്ത്ര ബന്ധം, സുരക്ഷ, മാനവ വിഭവശേഷി വികസനം, സാമ്പത്തിക പങ്കാളിത്തം, ശാസ്ത്ര സാങ്കേതിക വിദ്യ തുടങ്ങിയ വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ബന്ധം ദൃഢമാക്കലാണ് ഈ സമിതിയുടെ ചുമതല. സമിതിയുടെ രൂപവത്കരണവുമായി ബന്ധപ്പെട്ട് ഉന്നത തല ചര്‍ച്ചയും സമിതിയുടെ ഉദ്ഘാടനവും അടുത്ത വര്‍ഷം നടത്താനും ഹാമിദ് അന്‍സാസിയും പെറു വൈസ് പ്രസിഡന്റ് മാരിസോല്‍ എസ്പിന്‍നോസയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. ഇരുരാജ്യങ്ങള്‍ക്കിടയിലെയും വിദ്യാഭ്യാസ മേഖലകളിലെ വികസനം ലക്ഷ്യമിട്ട് മാനവ വിഭവശേഷി മന്ത്രി ജിതിന്‍ പ്രസാദയും പെറു വിദേശകാര്യ മന്ത്രി ഇദാ റിവാസ് ഫ്രഞ്ചിനിയും തമ്മില്‍ ചര്‍ച്ച നടന്നു.

Latest