Connect with us

Kerala

പാര്‍ട്ടി നിലപാടാണോയെന്ന് പിണറായി വ്യക്തമാക്കണം: കെ സുധാകരന്‍

Published

|

Last Updated

കണ്ണൂര്‍: മുഖ്യമന്ത്രിക്ക് നേരെ നടന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന കണ്ണൂരിലെ സി പി എം നേതാക്കളുടെ ആരോപണം പാര്‍ട്ടിയുടെ നിലപാടാണോയെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് കെ സുധാകരന്‍ എം പി ആവശ്യപ്പെട്ടു.
ചാലക്കുടിയിലെ ക്വട്ടേഷന്‍ സംഘമാണ് അക്രമത്തിന് പിന്നിലെന്നും സംഘത്തിന് താനുമായി ബന്ധമുണ്ടെന്നുമാണ് സി പി എം നേതാക്കള്‍ ആരോപണമുന്നയിച്ചത്. എന്നാല്‍ പിണറായി നടത്തിയ പത്രസമ്മേളനത്തില്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരുന്നില്ല. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കാണ് അക്രമത്തിന് പിന്നിലെന്നാണ് സംഭവത്തിന് ശേഷം സി പി എം നേതാക്കള്‍ ആരോപിച്ചത്.
ഇത്തരമൊരു അക്രമമുണ്ടായാല്‍ മുഖ്യമന്ത്രിക്ക് ജനസമ്മതി ഉണ്ടാകുകയാണ് ചെയ്യുകയെന്നാണ് പിണറായി പറഞ്ഞത്. അങ്ങനെയെങ്കില്‍ ഗ്രൂപ്പ് വിരോധം തീര്‍ക്കാന്‍ മുഖ്യമന്ത്രിക്ക് ജനസമ്മിതി നേടിക്കൊടുക്കുകയാണോ എതിര്‍ ഗ്രൂപ്പ് ചെയ്യുകയെന്നും സി പി എം വ്യക്തമാക്കണം. കല്ലുവെച്ച നുണകളാണ് സി പി എം ആവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയെ ആക്രമിച്ച സംഘത്തില്‍ മധുര ജോഷിയും ഉണ്ടെന്നാണ് ആരോപിക്കുന്നത്.
രണ്ട് വര്‍ഷം മുമ്പ് മധുര ജോഷി മരിച്ചതായും സി പി ഐക്കെതിരെ സി പി എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങളെ ചെറുക്കാന്‍ ഉണ്ടാക്കിയ ചാവേര്‍പ്പടയുടെ നേതാവാണ് ജോഷിയെന്നും സുധാകരന്‍ പറഞ്ഞു.
രണ്ട് ദിവസത്തിനകം അക്രമത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ മുഴുവന്‍ പിടിയിലാകും. അപ്പോള്‍ പിണറായി പറഞ്ഞതുപോലെ അത് സി പി എമ്മിന്റെ ബൂമാറാംഗായി മാറും. തിരഞ്ഞെടുക്കപ്പെട്ട ക്രിമിനലുകളാണ് ജില്ലയില്‍ ഞായറാഴ്ച കണ്ണൂരിലെത്തിയത്. കൂത്തുപറമ്പ് മോഡല്‍ ആവര്‍ത്തിക്കാനായിരുന്നു ശ്രമം. എന്നാല്‍ പോലീസിന്റെ ആത്മസംയമനമാണ് വെടിവെപ്പൊഴിവാക്കിയത്. അദ്ദേഹം അവകാശപ്പെട്ടു.

 

---- facebook comment plugin here -----

Latest