Connect with us

Kerala

കോണ്‍ഗ്രസ് യോഗത്തിനിടെ കൈയാങ്കളി: റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

Published

|

Last Updated

കോഴിക്കോട്: കെ പി സി സി നിര്‍വാഹക സമിതി അംഗം അഡ്വ. പി എം നിയാസിനെ സെക്രട്ടറി കെ ജയന്ത് മര്‍ദിച്ച സംഭവത്തില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി സുമ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്‍ തെളിവെടുത്തു. പരാതിക്കാരനായ നിയാസിനെ ഡി സി സി ഓഫീസില്‍ വിളിച്ചുവരുത്തിയും ആരോപണവിധേയനായ ജയന്തിനെ വീട്ടിലെത്തിയുമാണ് സുമ ബാലകൃഷ്ണന്‍ തെളിവെടുത്തത്. റിപ്പോര്‍ട്ട് ഇന്ന് കെ പി സി സി പ്രസിഡന്റിന് സമര്‍പ്പിക്കും.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് നിയാസ് തെളിവ് നല്‍കി. കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരനെ പരിഗണിക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടണമെന്ന സന്ദേശം കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 13ന് നടന്ന ഗ്രൂപ്പ് യോഗത്തില്‍ ഈ പ്രശ്‌നം താന്‍ ഉന്നയിച്ചു. ഇതിന് പിന്നില്‍ ജയന്താണെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു.
ഇതില്‍ പ്രകോപിതനായ ജയന്ത് ഗസ്റ്റ് ഹൗസിലെ യോഗത്തിനിടെ തന്നെ മര്‍ദിക്കുകയായിരുന്നെന്ന് നിയാസ് പറഞ്ഞു. അടിയേറ്റ് തന്റെ മൂക്കില്‍ നിന്ന് ചോര വന്നതായും കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍, ഡി സി സി ജില്ലാ വൈസ് പ്രസിഡന്റ് ഡോ. പി കെ ചാക്കോ എന്നിവര്‍ ഇതിന് ദൃക്‌സാക്ഷികളാണെന്നും നിയാസ് പറഞ്ഞു. കെ പി സി സി പ്രസിഡന്റ് ഈ സമയം മുറിയില്‍ ഉണ്ടായിരുന്നതായും നിയാസ് പറഞ്ഞു.
എന്നാല്‍ നിയാസിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തെ കുറിച്ച് സംസാരിക്കവേ, പ്രകോപിതനായ അദ്ദേഹം തന്റെ കോളറിന് പിടിക്കുകയായിരുന്നെന്ന് ജയന്ത് സുമ ബാലകൃഷ്ണനോട് പറഞ്ഞു. അപ്രതീക്ഷിതമായി നിയാസ് തന്റെ കോളറിന് പിടിച്ചപ്പോള്‍ കൈ തട്ടിമാറ്റുകയാണ് ചെയ്തത്. മുറിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ തങ്ങളെ പിടിച്ചുമാറ്റുകയായിരുന്നു. ഇത് സംബന്ധിച്ച് താന്‍ ആരോടും പരാതി പറയാന്‍ പോയിട്ടില്ല. തന്നെ വ്യക്തിഹത്യ നടത്തുന്ന പ്രചാരണങ്ങളാണ് നടക്കുന്നതെന്നും രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ ഗൂഢ നീക്കം നടത്തുന്നതായും ജയന്ത് മൊഴി നല്‍കി. സംഭവ സമയം മുറിയിലുണ്ടായിരുന്ന മറ്റ് നേതാക്കളില്‍ നിന്നും ഇവര്‍ തെളിവെടുത്തതായാണ് വിവരം. നിയാസിന്റെ പരാതിയില്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരമാണ് സുമ ബാലകൃഷ്ണന്‍ തെളിവെടുപ്പ് നടത്തിയത്.