Connect with us

National

ഒരേ വേദിയില്‍ 'പട്ടേല്‍' വിഷയത്തില്‍ ഏറ്റുമുട്ടി മന്‍മോഹനും മോഡിയും

Published

|

Last Updated

അഹമ്മദാബാദ്: ജവഹര്‍ ലാല്‍ നെഹ്‌റുവിന് പകരം സര്‍ദാര്‍ വല്ലാഭായി പട്ടേലായിരുന്നു പ്രഥമ പ്രധാനമന്ത്രിയാകേണ്ടിയിരുന്നതെന്ന് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി. പട്ടേല്‍ എക്കാലത്തും മതേതരവാദിയായിരുന്നുവെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. അഹമ്മദാബാദില്‍ പട്ടേല്‍ മ്യൂസിയം ഉദ്ഘാടന വേദി ഇരു നേതാക്കളുടെയും കാഴ്ചപ്പാടുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് സാക്ഷിയായി. ഇരുവരും വേദി പങ്കിടുന്നത് കൊണ്ടു തന്നെ മാധ്യമ ശ്രദ്ധ നേടിയ ചടങ്ങില്‍ പട്ടേലിനെ പുകഴ്ത്തുക വഴി നെഹ്‌റുവിനെ രൂക്ഷമായി വിമര്‍ശിക്കാനാണ് മോഡി ശ്രമിച്ചത്.
പട്ടേല്‍ പ്രഥമ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ രാജ്യത്തിന്റെ വിധി മറ്റൊന്നാകുമായിരുന്നു. പട്ടേല്‍ ആദ്യ പ്രധാനമന്ത്രി ആകാതിരുന്നതില്‍ ഓരോ ഇന്ത്യക്കാരനും ഇന്ന് ഖേദിക്കുന്നു. അന്ന് രാജ്യത്തെ ഏകീകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇന്ന് അതേ അഖണ്ഡത അപകടത്തിലാണ്. തീവ്രവാദവും മാവോയിസവും രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായിരിക്കുന്നുവെന്ന് മോഡി പറഞ്ഞു.
അതേസമയം, പട്ടേല്‍ സമ്പൂര്‍ണ മതേതരവാദിയായിരുന്നുവെന്ന് എല്ലാവരും മനസ്സിലാക്കണമെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു. പട്ടേല്‍ മിതവാദിയും മറ്റ് ആശയഗതിയുള്ളവരോട് ബഹുമാനവുമായിരുന്നു.ഒരു കോണ്‍ഗസുകാരനായ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ അംഗമാകാന്‍ കഴിഞ്ഞതില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്നും സിംഗ് പറഞ്ഞു. രാജ്യത്തെ ഒറ്റ യൂനിറ്റായാണ് പട്ടേല്‍ കണ്ടത്. എല്ലാ സമുദായത്തില്‍ പെട്ടവരും ബന്ധുക്കളും സുഹൃത്തുക്കളുമാണെന്ന സമീപനമായിരുന്നു അദ്ദേഹത്തിനെന്നും മോഡിയെ പരോക്ഷമായി വിമര്‍ശിച്ച് സിംഗ് പറഞ്ഞു.